മേഘവിസ്ഫോടനമുണ്ടായ ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ ഇരുന്നൂറോളം പേര്‍ക്കായി തിരച്ചില്‍ തുടരുന്നു. ഇതുവരെ അറുപതോളം പേരുടെ മരണം സ്ഥിരീകരിച്ചു. അഞ്ഞൂറോളം ആളുകള്‍ ദുരന്തത്തില്‍ അകപ്പെട്ടുവെന്ന് നാഷനല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫറൂഖ് അബ്ദുല്ല പറഞ്ഞത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയ്ക്കാണ് മചൈല്‍ മാതാ ക്ഷേത്ര പാതയില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്ന് വന്‍ മണ്ണിടിച്ചിലുണ്ടായത്.
മരിച്ചവരിൽ അധികവും മചൈൽ മാതാ ക്ഷേത്രത്തിലേക്കുള്ള തീർഥാടകരാണെന്ന് ജമ്മു പൊലീസ് ഐജി ബി.എസ്.ടുട്ടി പറഞ്ഞു. ഇതുവരെ 160ലേറെപ്പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 38 പേരുടെ നില ഗുരുതരമാണ്. അപകടത്തിൽപെട്ട ഒരു സിഐഎസ്എഫ് ജവാന്റെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. മൂന്നുപേരെ ഇനിയും കണ്ടെത്താനുണ്ട്. മചൈൽ ക്ഷേത്രത്തിലേക്കുള്ള തീർഥാടന യാത്രയുടെ സുരക്ഷയ്ക്കായി നിയോഗിച്ച ഉദ്യോഗസ്ഥരാണ് അപകടത്തിൽപെട്ടത്.