New Delhi: Tri-Service Band members during full dress rehearsal for 79th Independence Day celebrations, at the Red Fort complex in New Delhi, Wednesday, Aug. 13, 2025. (PTI Photo/Ravi Choudhary) (PTI08_13_2025_000030B)
അതീവ സുരക്ഷാനടുവില്‍ രാജ്യം ഇന്ന് 79ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ ദേശീയപതാക ഉയര്‍ത്തുന്നതോടെ രാജ്യതലസ്ഥാനത്തെ ചടങ്ങുകള്‍ക്ക് തുടക്കമാവും. തുടര്‍ന്ന് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രതിരോധ മന്ത്രിയും കേന്ദ്രമന്ത്രിമാരും സൈനിക മേധാവികളും ചടങ്ങില്‍ പങ്കെടുക്കും. വിവിധ മേഖലകളില്‍നിന്നായി അയ്യായിരം ക്ഷണിക്കപ്പെട്ട അതിഥികളും ഉണ്ടാകും. എസ്.സി– എസ്.ടി ഹബ് ഗുണഭോക്താക്കള്‍, ഗ്രാമമുഖ്യന്‍മാര്‍, വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച വനിതകള്‍ എന്നിവരെയെല്ലാം ക്ഷണിച്ചിട്ടുണ്ട്. സ്വാതന്ത്ര്യദിനാഘോഷം കണക്കിലെടുത്ത് കനത്ത സുരക്ഷാവലയത്തിലാണ് ഡല്‍ഹി. 11,000 സുരക്ഷാ ഉദ്യോഗസ്ഥരെയും മൂവിയിരം ട്രാഫിക് പൊലീസുകാരെയും നിയോഗിച്ചിട്ടുണ്ട്. ഇന്നലെ രാത്രി 10 മണിയോടെ ഡല്‍ഹിയുടെ അതിര്‍ത്തികളെല്ലാം അടച്ചു. റെയില്‍വെ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളിലെല്ലാം നിരീക്ഷണം ശക്തമാണ്. മെട്രോ ട്രെയിന്‍ രാവിലെ നാലുമുതല്‍ സര്‍വീസ് ആരംഭിച്ചു.
സംസ്ഥാനത്തെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളുടെ ഭാഗമായി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാനതല ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ ഒന്‍പതിന് ദേശീയപതാക ഉയര്‍ത്തും. വിവിധ സായുധ സേനാവിഭാഗങ്ങളുടെയും, എന്‍.സി.സി, സ്കൗട്ട് എന്നീ വിഭാഗങ്ങളുടെയും പരേഡില്‍ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിക്കും. സ്വാതന്ത്ര്യദിന സന്ദേശത്തിന് ശേഷം വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ മുഖ്യമന്ത്രി സമ്മാനിക്കും. മറ്റ് ജില്ലകളിലെ ആഘോഷപരിപാടികളില്‍ മന്ത്രിമാര്‍ ദേശീയപതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും.
ഓപ്പറേഷൻ സിന്ദൂറിന്‍റെ ആസൂത്രണത്തിലും നിർവഹണത്തിലും ഉൾപ്പെട്ടവർക്ക് സ്വാതന്ത്ര്യദിനത്തില്‍ ആദരമര്‍പ്പിച്ച് രാജ്യം . പാക്കിസ്ഥാന്റെ ഭീകര, സൈനിക കേന്ദ്രങ്ങൾ ആക്രമിച്ച ഒൻപത് വ്യോമസേന പൈലറ്റുമാർക്കും, എസ് -400 വ്യോമ പ്രതിരോധ സംവിധാനം കൈകാര്യം ചെയ്തവർക്കും സേനാ മെഡൽ ലഭിച്ചു. വ്യോമസേനാ ഉപമേധാവി എയർ മാർഷൽ നർമ്മദേശ്വർ തിവാരി, വ്യോമസേനാ ഡപ്യൂട്ടി ചീഫ് എയർ മാർഷൽ അവധേഷ് കുമാർ ഭാരതി, സൈന്യത്തിന്റെ ഡിജിഎംഒ ലഫ്റ്റനന്റ് ജനറൽ രാജീവ് ഘായ്, വടക്കൻ കരസേനാ കമാൻഡർ ലഫ്റ്റനന്റ് ജനറൽ പ്രതീക് ശർമ, സൗത്ത് വെസ്റ്റേൺ എയർ കമാൻഡിന്റെയും വെസ്റ്റേൺ എയർ കമാൻഡിന്റെയും തലവൻ എയർ മാർഷൽ നാഗേഷ് കപൂർ, എയർ മാർഷൽ ജിതേന്ദ്ര മിശ്ര, പശ്ചിമ നാവിക കമാൻഡിന്റെ ഫ്ലാഗ് ഓഫിസർ കമാൻഡിങ് ഇൻ ചീഫായിരുന്ന വൈസ് അഡ്മിറൽ സഞ്ജയ് ജസ്ജിത് സിങ്ങിനും സേനാ മെഡൽ ലഭിച്ചു. മലയാളി വൈസ് അഡ്മിറൽ എ.എൻ.പ്രമോദിന് യുദ്ധ് സേവാ മെഡൽ ലഭിച്ചു. നാവികസേനയുടെ സ്റ്റാഫ് ഡപ്യൂട്ടി ചീഫ് വൈസ് അഡ്മിറൽ തരുൺ സോബ്തിക്കും സേന മെഡലുണ്ട്. സായുധ സേനയ്ക്കും കേന്ദ്ര സായുധ പൊലീസ് സേനാംഗങ്ങൾക്കും 127 ധീരതാ അവാർഡുകളും 40 വിശിഷ്ട സേവന അവാർഡുകളുമാണ് രാഷ്ട്രപതി ദ്രൗപതി മുർമു പ്രഖ്യാപിച്ചത്.