മുസ്ലീം പെൺകുട്ടികളെ വിവാഹം കഴിക്കുന്ന ഹിന്ദു യുവാക്കൾക്ക് അഞ്ചുലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് പ്രഖ്യാപിച്ച് ബിജെപി എംഎൽഎ. വെറുതെ പറയുന്നതല്ല ഇക്കാര്യം വലിയ തോതില്‍ പ്രചരിപ്പിക്കാനുള്ള നീക്കങ്ങള്‍ താന്‍ സജീവമാക്കുമെന്നും ബിജാപൂർ സിറ്റി എംഎൽഎയായ ബസനഗൗഡ പാട്ടീൽ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ പ്രസ്താവന ഇതിനോടകം വലിയ ചര്‍ച്ചയായി കഴിഞ്ഞു.
കര്‍ണാടകയിലെ കൊപ്പാളിൽ മുസ്ലീം യുവതിയെ പ്രണയിച്ച യുവാവിനെ ഒരു സംഘം ആളുകൾ ചേർന്ന് കൊലപ്പെടുത്തിയ സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് എംഎൽഎയുടെ പ്രസ്താവന. വാല്മീകി വിഭാഗത്തിൽ ഉൾപ്പെട്ട ഗവിസിദ്ധപ്പ നായിക്കാണ് (26) കഴിഞ്ഞദിവസം കൊല്ലപ്പെട്ടത്. ആഗസ്റ്റ് മൂന്നിന് മുസ്ലീം പള്ളിയുടെ മുന്നില്‍ വച്ചാണ് കൊല നടന്നത്. കേസിലെ പ്രധാന പ്രതി സാദിഖ് ഹുസൈൻ കൊലപാതകത്തിനുശേഷം പൊലീസിൽ കീഴടങ്ങിയിരുന്നു. മറ്റ് മൂന്ന് പ്രതികളെ പിന്നീട് പൊലീസ് അറസ്റ്റുചെയ്തു.
ഗവിസിദ്ധപ്പ പ്രണയിച്ചിരുന്ന പെൺകുട്ടിയെ സാദിഖും പ്രണയിച്ചിരുന്നുവെന്നും ഇതിന്‍റെ പേരിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമായിരുന്നു നേരത്തെ പൊലീസ് പറഞ്ഞത്. എന്നാൽ, ഇത് ദുരഭിമാനക്കൊലയാണെന്ന് വാദിക്കുകയാണ് എംഎൽഎ ബസനഗൗഡ പാട്ടീൽ ചെയ്യുന്നത്.