ജനാധിപത്യത്തിന്റെ അടിത്തറ ഇളക്കിയ വോട്ട് മോഷണത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷനോട് നേരിട്ട് ചോദ്യങ്ങള്‍ ചോദിക്കാന്‍ ഇന്ത്യ സഖ്യം. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നാളെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആസ്ഥാനത്തേക്ക് എംപിമാർ മാര്‍ച്ച് നടത്തും. വോട്ട് മോഷണത്തിനെതിരെ പ്രചാരണത്തിനായി രാഹുൽ ഗാന്ധി വെബ്സൈറ്റും തുടങ്ങി. എന്നാല്‍ ആരോപണങ്ങളില്‍ രാഹുല്‍ ഗാന്ധി സത്യപ്രസ്താവന നടത്തുകയോ മാപ്പ് പറയുകയോ വേണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട്.
1942 ആഗസ്റ്റ് 8-ന് രാജ്യത്തിന് സ്വാതന്ത്രൃം ആവശ്യപ്പെട്ട് ക്വിറ്റ് ഇന്ത്യാ സമരം ആരംഭിച്ചെങ്കില്‍ 83 വര്‍ഷത്തിനപ്പുറം ഇന്ത്യയെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയര്‍ത്തി പേരാട്ടത്തിനിറങ്ങുന്നു എന്ന് ഇന്ത്യ സഖ്യം. രാജ്യത്തെ തിരഞ്ഞെടുപ്പ് സംവിധാനം എങ്ങിനെതകര്‍ക്കപ്പെട്ടു എന്നതിന്റെ വ്യക്തമായ തെളിവുകളാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നിരത്തിയത്. തെളിവുകളെല്ലാം കൈവശം ഉണ്ടായിട്ടും രാഹുല്‍ ഗാന്ധിയോട് സത്യപ്രസ്താവന ചോദിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിക്കായി ജനാധിപത്യത്തെ കൊല്ലുന്നു എന്നാണ് ഇന്ത്യ സഖ്യത്തിന്റെ ആരോപണം. പ്രതിഷേധവും ആരോപണങ്ങളും നേരിട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് വിശദീകരിക്കാനാണ് നീക്കം. Also Read: വെറും രാഷ്ട്രീയ ആരോപണമല്ല; രാഹുലിന്റെ ചോദ്യങ്ങള്‍ക്ക് രാജ്യത്തിന് മറുപടി വേണം
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യ എംപിമാര്‍ പാർലമെന്റിൽ നിന്നും തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് മാര്‍ച്ച് നടത്തും. വോട്ട് ചോരി ഡോട്ട് ഇന്‍ എന്ന പേരിൽ പ്രചാരണത്തിനും പരാതികൾ ഉന്നയിക്കാനും രാഹുൽ ഗാന്ധി വെബ്സൈറ്റ് ആരംഭിച്ചു. മിസ്ഡ് കോൾ നൽകി പിന്തുണ അറിയിക്കാനുള്ള നമ്പറും പുറത്തു വിട്ടിട്ടുണ്ട്. ആരോപണങ്ങളില്‍ സത്യപ്രസ്താവന നടത്തുന്നില്ലെങ്കില്‍ രാഹുല്‍ ഗാന്ധി തന്നെ അവ വിശ്വസിക്കുന്നില്ലെന്നാണ് അര്‍ഥമെന്നും രാജ്യത്തോട് മാപ്പ് പറയണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെടുന്നത്. കമ്മീഷനില്‍ വിശ്വാസമില്ലെങ്കില്‍ രാഹുല്‍ ഗാന്ധി രാജിവയ്ക്കട്ടെ എന്ന് ബിജെപിയും ആവര്‍ത്തിക്കുന്നു.