ഭര്‍ത്താവിനും ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ക്കുമെതിരെ ഭാര്യ നല്‍കിയ ക്രിമിനല്‍ കേസ് റദ്ദാക്കി ബോംബൈ ഹൈക്കോടതി. തന്‍റെ വസ്ത്രധാരണത്തെക്കുറിച്ചും പാചകത്തെക്കുറിച്ചും ഭര്‍ത്താവും ഭര്‍ത്താവിന്‍റെ വീട്ടുകാരും മോശമായി സംസാരിച്ചുവെന്നും ഇത് കടുത്ത ക്രൂരതയാണെന്നും നടപടി വേണമെന്നുമായിരുന്നു യുവതി പരാതിയില്‍ ആരോപിച്ചത്. എന്നാല്‍ ഇതെങ്ങനെ ക്രൂരതയായും പീഡനമായും കണക്കാക്കാനാകുമെന്നായിരുന്നു കോടതി ചോദിച്ചത്. യുവതിയുടെ ഭര്‍ത്താവിനെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ കോടതി റദ്ദാക്കുകയും ചെയ്തു.
ദാമ്പത്യബന്ധത്തില്‍ പ്രശ്നങ്ങളുണ്ടാകുമ്പോള്‍ പല കാര്യങ്ങളെയും പര്‍വ്വതീകരിച്ചുകാണിക്കാനുള്ള പ്രവണത ദമ്പതികള്‍ക്കിടയില്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഐ.പി.സി 498–എയില്‍ വ്യക്തമാക്കിയിരിക്കുന്ന കാരണങ്ങള്‍ ഉണ്ടായിട്ടില്ല എങ്കില്‍ നടപടി എടുക്കാനാകില്ല. ഇത്തരം സംഭവങ്ങള്‍ ഗാര്‍ഹിക പീഡനത്തിന്‍റെയോ ക്രൂരതയുടെയോ പരിധിയില്‍ വരുന്നതല്ല. വിവാഹത്തിനു മുന്‍പ് വ്യക്തമായി മനസ്സിലാക്കിയ കാര്യങ്ങള്‍ പിന്നീട് നിഷേധിക്കാനുമാകില്ല. രാജ്യത്തുള്ള നിയമങ്ങളെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള നീക്കമാണിത്. കേസിലുള്‍പ്പെട്ട ഭര്‍ത്താവിനെയും അയാളുടെ കുടുംബത്തെയും കോടതി കയറ്റുന്നത് തന്നെ നിയമത്തിനെതിരായി കണക്കാക്കാവുന്നതാണ് എന്ന് ജസ്റ്റിസുമാരായ വിഭ കണ്‍കണ്‍വാഡി, സഞ്ജയ് എ. ദേശ്മുഖ് എന്നവര്‍ നിലപാടെടുക്കുകയായിരുന്നു.
ഐ.പി.സി 498– എ പ്രകാരം ഭര്‍ത്താവില്‍ നിന്നോ ഭര്‍തൃവീട്ടുകാരില്‍ നിന്നോ ഒരു സ്ത്രീക്ക് ക്രൂരമായ അനുഭവമുണ്ടായാല്‍ അത് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാവുന്ന കുറ്റകൃത്യമാണ്. അറസ്റ്റ് വാറണ്ട് പോലുമില്ലാതെ പൊലീസിന് പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ അവകാശമുണ്ട്. ഈ വകുപ്പ് പ്രതാരം പ്രതിക്ക് ജാമ്യം അനുവദിക്കുന്നില്ല എന്ന് മാത്രമല്ല, കേസ് കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പാക്കാന്‍ പോലുമുള്ള അനുമതിയില്ല. യുവതിയുടെ പരാതിയില്‍ ഈ വകുപ്പ് പ്രകാരം എങ്ങനെ കേസ് രജിസ്റ്റര്‍ ചെയ്തു എന്നാണ് കോടതി ചോദിക്കുന്നത്.
2022 മാര്‍ച്ചിലാണ് വിവാഹം നടന്നത്. യുവതിയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യവിവാഹബന്ധം 2013ല്‍ ഇവര്‍ വേര്‍പ്പെടുത്തിയിരുന്നു. രണ്ടാം വിവാഹം നടന്ന് ഒന്നര മാസത്തിനുള്ളില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തു എന്നാണ് യുവതി ആരോപിക്കുന്നത്. ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ തന്നോട് മോശമായി പെരുമാറിയെന്നും ഭര്‍ത്താവിന് മാനസിക പ്രശ്നങ്ങളുള്ളത് മറച്ചുവച്ചു എന്നുമാണ് യുവതി ആരോപിച്ചത്. എന്നാല്‍ തെളിവുകള്‍ പരിശോധിച്ചപ്പോള്‍ എല്ലാം യുവതിക്ക് പ്രതികൂലമായിരുന്നു.
വിവാഹത്തിന് മുന്‍പ് അയച്ച മെസേജുകളില്‍ താന്‍ സ്ഥിരമായി കഴിക്കുന്ന മരുന്നുകളെ കുറിച്ച് യുവാവ് യുവതിയോട് പറഞ്ഞിരുന്നു. ഇതിന്‍റെ തെളിവ് കോടതിയില്‍ ഹാജരാക്കപ്പെട്ടു. ദീപാവലിക്കു മുന്‍പായി ഫ്ലാറ്റ് വാങ്ങണമെന്ന് പറഞ്ഞ് യുവാവ് തന്നോട് 15 ലക്ഷം രൂപ ആവശ്യപ്പെട്ടതായും യുവതി ആരോപിച്ചിരുന്നു. എന്നാല്‍ സ്വന്തമായി ഒരു ഫ്ലാറ്റുള്ള യുവാവ് എന്തിനാണ് മറ്റൊരു ഫ്ലാറ്റ് അത്യാവശ്യമായി വാങ്ങണമെന്ന് ആവശ്യപ്പെട്ടതെന്ന ചോദ്യത്തിന് യുവതിക്ക് മറുപടിയുണ്ടായില്ല. ഇതോടെ യുവതി പറഞ്ഞത് വിശ്വസനീയമല്ലെന്ന് കോടതിക്ക് ബോധ്യമായി. ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരെ തെളിവുകള്‍ ഹാജരാക്കാനും യുവതിക്ക് സാധിച്ചില്ല. ഇതോടെയാണ് കേസ് കോടതി റദ്ദാക്കിയത്.