delhi-restaurent

TOPICS COVERED

ഇന്ത്യന്‍ വസ്ത്രം ധരിച്ചെത്തി എന്ന കാരണത്താല്‍ ദമ്പതികളെ റെസ്റ്റോറന്‍റില്‍ നിന്ന് ഇറക്കിവിട്ടതായി പരാതി. സംഭവം അങ്ങ് വിദേശരാജ്യത്തെങ്ങുമല്ല നമ്മുടെ രാജ്യതലസ്ഥാനമായ ഡല്‍ഹിയിലാണെന്നതാണ് വിരോധാഭാസം. സംഭവത്തെക്കുറിച്ച് ദമ്പതികള്‍ വിശദീകരിക്കുന്ന വിഡിയോ സമൂഹമാധ്യമത്തില്‍ വൈറലാണ്. ഇന്ത്യന്‍ വസ്ത്രം ധരിച്ചു എന്ന കാരണത്താല്‍ റെസ്റ്റോറന്‍റില്‍ നേരിടേണ്ടി വന്നത് തീര്‍ത്തും മോശമായ അനുഭവമാണെന്നാണ് ഇവര്‍ പറയുന്നത്.

ഡല്‍ഹിയിലെ പിതംപുരിലുള്ള റെസ്റ്റോറന്‍റിലാണ് സംഭവം. ദമ്പതികള്‍ക്കൊപ്പമെത്തിയവരെയെല്ലാം അകത്തേക്ക് കടത്തിവിട്ടു. ഇവരെ മാറ്റിനിര്‍ത്തി. എന്താണ് കാരണമെന്ന് അന്വേഷിച്ചപ്പോള്‍ റെസ്റ്റോറന്‍റ് മാനേജര്‍ വളരെ മോശമായി പെരുമാറി എന്നും ദമ്പതികള്‍ പറയുന്നു. ഈ ഹോട്ടലിന്‍റെ പ്രവര്‍ത്തനാനുമതി തന്നെ റദ്ദാക്കണം. റെസ്റ്റോറന്‍റ് അടച്ചുപൂട്ടാന്‍ വേണ്ട നടപടി സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടാകണം എന്നാണ് ഇവര്‍ വിഡിയോയില്‍ ആവശ്യപ്പെടുന്നത്.

സംഭവം വലിയ ചര്‍ച്ചയായതോടെ മന്ത്രി കപില്‍ മിശ്രയടക്കം വിഷയത്തില്‍ പ്രതികരണവുമായെത്തി. ഡല്‍ഹിയില്‍ ഇത്തരമൊരു സംഭവം നടക്കുന്നത് അംഗീകരിക്കാകില്ലെന്ന് മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി രേഖ ഗുപ്ത വിഷയത്തില്‍ ഇടപെട്ടുവെന്നും റെസ്റ്റോറന്‍റിനെതിരെ ഉടന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി. പിന്നാലെ മറ്റൊരു പോസ്റ്റില്‍ റെസ്റ്റോറന്‍റ് നടത്തിപ്പുകാര്‍ക്ക് സംഭവത്തിന്‍റെ ഗൗരവം മനസ്സിലായി എന്നും ഇത്തരം നടപടികള്‍ ഇനിയുണ്ടാവില്ല എന്നും മന്ത്രി വ്യക്തമാക്കി. 

ഇന്ത്യന്‍ വസ്ത്രം ധരിച്ചെത്തുന്നവര്‍ക്ക് പ്രവേശനാനുമതി നിഷേധിക്കുന്ന നീക്കങ്ങളുണ്ടാവില്ലെന്നും രക്ഷാബന്ധന്‍ ദിവസം ഇന്ത്യന്‍ വസ്ത്രം ധരിച്ചെത്തുന്ന സഹോദരിമാര്‍ക്ക് സ്പെഷ്യല്‍ ഡിസ്കൗണ്ട് നല്‍കുന്നതാണെന്നും റെസ്റ്റോറന്‍റ് നടത്തിപ്പുകാര്‍ അറിയിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം റെസ്റ്റോറന്‍റ് ഉടമ നീരജ് അഗര്‍വാള്‍ ഇക്കാര്യങ്ങളെല്ലാം നിഷേധിക്കുകയാണ്. നേരത്തെ ബുക്ക് ചെയ്യാതിരുന്നത് കൊണ്ടാണ് ദമ്പതികള്‍ക്ക് പ്രവേശം നിഷേധിച്ചത്. വസ്ത്രധാരണത്തെ കുറിച്ച് റെസ്റ്റോറന്‍റിന് പ്രത്യേകിച്ച് പോളിസികളൊന്നുമില്ല. ഏത് വസ്ത്രം ധരിച്ചെത്തുന്നവര്‍ക്കും ഇവിടെ പ്രവേശനമുണ്ടെന്നും നീരജ് പറയുന്നു. സംഭവം സമൂഹമാധ്യമത്തില്‍ ചൂടുള്ള ചര്‍ച്ചകള്‍ക്കാണ് വഴിവച്ചിരിക്കുന്നത്.

ENGLISH SUMMARY:

A couple was allegedly denied entry into a Delhi restaurant for wearing Indian attire, with the video of the incident circulating on social media. In the now-viral video, the couple can be seen narrating their ordeal after being denied entry to the restaurant located in Delhi's Pitampura area. While others were allowed entry, the couple alleged that the manager of the restaurant misbehaved with them. The person recording the clip stated that the restaurant, which was not allowing people with Indian attire, had no right to function, adding that it should be shut down immediately. As the clip went viral, Delhi cabinet minister Kapil Mishra took cognisance of the issue, stating that Chief Minister Rekha Gupta had been apprised of the matter.