വോട്ട് മോഷണ ആരോപണത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിക്കും എതിരെ നിലപാട് കടുപ്പിച്ച് രാഹുൽ ഗാന്ധിയും കോൺഗ്രസും. നിയമ നടപടി സ്വീകരിക്കുന്നതിൽ വിദഗ്ധോപദേശം തേടി. തിരഞ്ഞെടുപ്പ് കമ്മീഷൻ ചെയ്യുന്നത് ക്രിമിനൽ കുറ്റമാണെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. രാഹുൽ ഗാന്ധിയുടെ നീക്കങ്ങൾക്ക് ഇന്ത്യാസഖ്യം പൂർണപിന്തുണ അറിയിച്ചു.
അസാധാരണ പ്രസ് മീറ്റിലൂടെ ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ട് അട്ടിമറിയെക്കുറിച്ചു നിര്‍ണായക വിവരങ്ങളാണ് ഇന്നലെ രാഹുല്‍ ഗാന്ധി പുറത്തുവിട്ടത്. ഇന്ന് പ്രത്യക്ഷ സമരത്തിനിറങ്ങുകയാണ് അദ്ദേഹം. രാവിലെ 11 മണിക്ക് ബെംഗളുരുവിലെ ഫ്രീഡം പാര്‍ക്കില്‍ വമ്പന്‍ റാലി നടത്തും. രാഹുല്‍ ഗാന്ധിക്കു പുറമെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും. ALSO READ; ഒറ്റ വിലാസത്തിൽ 10,452 വോട്ടർമാർ; കള്ളക്കളികള്‍ അക്കമിട്ട് നിരത്തി രാഹുല്‍ഗാന്ധി
പരിപാടിക്കു ശേഷം കര്‍ണാടക മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറെ നേരിട്ടു കണ്ടു വോട്ട് മോഷണം സംബന്ധിച്ച പരാതിയും തെളിവുകളും കൈമാറും. ഇതിനായി തിരഞ്ഞെടുപ്പ് ഓഫീസര്‍ സമയം അനുവദിച്ചിട്ടുണ്ട്. വോട്ട് മോഷണം നടന്നുവെന്ന് രാഹുല്‍ഗാന്ധി ആരോപിച്ച ബെംഗളുരു സെന്‍ട്രല്‍ മണ്ഡലത്തില്‍ ഉള്‍പെടുന്ന സ്ഥലത്താണ് പ്രതിഷേധ റാലിയെന്നതും ശ്രദ്ധേയമാണ്. പരാതിയുണ്ടെങ്കില്‍ ഹൈക്കോടതിയിലാണു ചോദ്യം ചെയ്യേണ്ടതെന്നും ഒരു പാര്‍ട്ടിയും ഫലത്തെ സംബന്ധിച്ചു പരാതി നല്‍കിയിട്ടില്ലെന്നുമാണു കര്‍ണാടകയിലെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ നിലപാട്.
ഭരണത്തിൽ എത്താൻ ഏതു മാർഗ്ഗവും സ്വീകരിക്കുന്ന ബിജെപിയെയും വോട്ട് മോഷണത്തിന് കൂട്ടുനിന്ന തിരഞ്ഞെടുപ്പ് കമ്മീഷനെയും തെളിവുകൾ നിരത്തി ആക്രമിക്കുന്നത് തുടരാനാണ് കോൺഗ്രസിന്റെയും രാഹുൽഗാന്ധിയുടെയും തീരുമാനം. വലിയ ക്രമക്കേടുകൾ നടന്ന കൂടുതൽ മണ്ഡലങ്ങളിലെ തെളിവുകൾ ശേഖരിച്ചുവരികയാണ്. മറുഭാഗത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ ആരോപണങ്ങൾ തള്ളി രാഹുൽ ഗാന്ധിക്കെതിരെ നടപടിക്ക് ഒരുങ്ങുന്നതിനാൽ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് ഒരുക്കം. വോട്ട് മോഷണത്തെയും രാഹുൽ ഗാന്ധിക്കെതിരായ നടപടിയെയും നിയമപരമായി എങ്ങനെ നേരിടാം എന്നതിൽ കോൺഗ്രസ് വിദഗ്ധോപദേശം തേടിയിട്ടുണ്ട്. ഇതിൻറെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കും. ALSO READ; ‘മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ ക്രമക്കേട്; 5 മാസത്തിനിടെ വന്‍തോതില്‍ വോട്ടര്‍മാരെ ചേര്‍ത്തു’
പുറത്തുവിട്ട തെളിവുകൾ ഇന്നലെ ചേർന്ന ഇന്ത്യാസഖ്യ യോഗത്തിൽ രാഹുൽഗാന്ധി വിശദീകരിച്ചിരുന്നു. രാഹുൽ ഗാന്ധിയുടെ മുന്നോട്ടുപോക്കിന് പൂർണ പിന്തുണ ഇന്ത്യാസഖ്യം നൽകുന്നുണ്ട്. തിങ്കളാഴ്ച നടത്തുന്ന തിരഞ്ഞെടുപ്പ് കമ്മീഷനിലേക്കുള്ള മാർച്ചിനുശേഷം ഒന്നിച്ചുള്ള പ്രതിഷേധങ്ങൾ കൂടുതൽ ശക്തമാക്കും. വോട്ട് മോഷണം ഉയർത്തി ഈ മാസം 17 മുതൽ രാഹുൽഗാന്ധി ബീഹാറിൽ ഉടനീളം റാലി നടത്തും. സെപ്റ്റംബർ ഒന്നിന് റാലിയുടെ സമാപനമായി ഇന്ത്യാ സഖ്യത്തിന്റെ വൻ സമ്മേളനം നടത്തും.