ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകൾക്കൊപ്പമുണ്ടായിരുന്ന ആദിവാസി യുവാവിനെ ബജ്റംഗ് ദൾ പ്രവർത്തകർ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. സുഖ്മാൻ മണ്ഡാവിയെന്ന യുവാവിനെ മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. അതിനിടെ, ജാമ്യത്തിൽ ഇറങ്ങിയ മലയാളി കന്യാസ്ത്രീകൾ ഉടൻ കേരളത്തിലേക്ക് പോകില്ല.
കന്യാസ്ത്രീകൾ കൂട്ടിക്കൊണ്ടുപോകേണ്ട കമലേശ്വരി, ലളിത, സുഖ്മതി എന്നീ ആദിവാസി യുവതികൾക്ക് ഒപ്പമുണ്ടായിരുന്ന യുവാവിനെയാണ് ബജ്റംഗ് ദൾ പ്രവർത്തകർ ക്രൂരമായി മർദിക്കുന്നത്. പ്രതിരോധിക്കാൻ പോലും നിൽക്കാതെ സുഖ്മാൻ മണ്ഡാവി.
കരണത്തടിച്ചും മുഖത്തിടിച്ചും രോഷം പ്രകടിപ്പിക്കുന്ന ബജ്റംഗ് ദൾ പ്രവർത്തകരെ നോക്കി നിസ്സഹായനായി നോക്കി നിൽക്കുകയാണ് ഈ ആദിവാസി യുവാവ്. മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിക്കപ്പെട്ട കേസിൽ സി. വന്ദനയ്ക്കും സി. പ്രീതിക്കും ഒപ്പം അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ സുഖ്മാൻ മണ്ഡാവി ഇപ്പോൾ നാരായൺപൂരിലെ ഓർച്ച എന്ന ഗ്രാമത്തിലാണ് ഉള്ളത്. അതിനിടെ, മലയാളി കന്യാസ്ത്രീകൾ ഛത്തീസ്ഗഡിൽനിന്ന് ഉടൻ നാട്ടിലേക്ക് പോകില്ല. കേസ് റദ്ദാക്കുന്നതിനുള്ള നിയമനടപടികൾ തുടരേണ്ടതിനാലാണ് തീരുമാനം. FIR റദ്ദാക്കാൻ സി. പ്രീതിയും സി. വന്ദനയും ഉടൻ ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കും. അതിനിടെ, ബജ്റംഗ് ദൾ നേതാക്കൾക്കെതിരെ ആദിവാസി യുവതികൾ നൽകിയ പരാതിയിൽ പൊലീസ് ഇതുവരെയും കേസെടുത്തിട്ടില്ല.