മുംബൈ നഗരത്തിൽ പ്രാവുകൾക്ക് ഭക്ഷണം നൽകാനായി നിർമിച്ചിട്ടുള്ള കബൂത്തർഖാനകൾ അടച്ചുപൂട്ടാനുള്ള തീരുമാനം കത്തുന്ന രാഷ്ട്രീയ വിവാദമായി മാറുകയാണ്. മുംബൈ കോർപ്പറേഷന്റെ നിലപാടിനെതിരെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പരസ്യമായി രംഗത്തെത്തി. കബൂത്തർഖാനകൾ പരിപാലിക്കുന്നവരിൽ പ്രധാനികൾ ജൈനമതസ്ഥരും ഗുജറാത്തികളുമാണ്.
ഈ പറന്നുയരുന്ന പ്രാവുകൾ ശ്വാസകോശ രോഗങ്ങൾക്കു കാരണമാകുന്നെന്നു കണ്ടെത്തിയതോടെയാണ് കബൂത്തർഖാനകൾ അടച്ചുപൂട്ടാൻ കോർപ്പറേഷൻ നിർദേശം നൽകിയത്. മതവിശ്വാസത്തിന്റെ ഭാഗമായി പ്രാവുകൾക്ക് ഭക്ഷണം നൽകുന്ന ജൈനമത വിശ്വാസികളും, ഗുജറാത്തികളും ഇതിനെതിരെ നടത്തിയ പ്രതിഷേധം സംഘർഷത്തിലാണ് കലാശിച്ചത്. ബിജെപിയുടെ പ്രധാന വോട്ടുബാങ്കുകളായ ജൈന മത വിശ്വാസികളെയും ഗുജറാത്തികളെയും പിണക്കാതെ ചേർത്തുനിർത്തുന്ന തന്ത്രമാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഇപ്പോൾ പയറ്റുന്നത്. ഇതുമായി ബന്ധപ്പെട്ട കേസ് ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.
കബൂത്തർഖാനകളിൽ ഭക്ഷണവിതരണം അനുവദിക്കണമെന്ന ആവശ്യവുമായി മഹാരാഷ്ട്ര നവനിർമാൺ സേന രംഗത്തെത്തി. കേവലം മതവികാരങ്ങൾക്ക് വിധേയപ്പെടുന്നതിനപ്പുറം ജനങ്ങളുടെ ആരോഗ്യത്തിനും ജീവനും സർക്കാർ മുൻഗണന നൽകണമെന്ന് നവ നിർമാൺ സേനയുടെ ആവശ്യം.