Udhampur: Rescue work underway after a vehicle carrying Central Reserve Police Force (CRPF) personnel skidded off the road and fell into a 'nallah', in Udhampur, Jammu and Kashmir, Thursday, Aug. 7, 2025. At least three CRPF personnel were killed and 15 others suffered injuries. (PTI Photo)(PTI08_07_2025_000088A)
ജമ്മുകശ്മീരിലെ ഉധംപുറില്‍ ബസന്ത്ഗഡിനരികെ ബസ് തലകീഴായി മറിഞ്ഞ് മൂന്ന് സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. 16 പേര്‍ക്ക് പരുക്കേറ്റു. ആകെ 23 പേരാണ് ബസിലുണ്ടായിരുന്നതെന്നാണ് പുറത്തുവരുന്ന വിവരം. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാണെന്നും പരുക്കേറ്റവരെയെല്ലാം അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയെന്നും ഉധംപുര്‍ എഎസ്പി അറിയിച്ചു.
ബസന്ത്ഗഡിലെ കാണ്ട്വയ്ക്കടുത്ത് വച്ചാണ് അപകടം ഉണ്ടായത്. സിആര്‍പിഎഫ് ജവാന്‍മാര്‍ സഞ്ചരിച്ച ബങ്കര്‍ ബസാണ് നിയന്ത്രണം വിട്ടതിനെ തുടര്‍ന്ന് തലകീഴായി കൊക്കയിലേക്ക് മറിഞ്ഞത്. നടുക്കുന്ന സംഭവമാണിതെന്നും ഉധംപുര്‍ ഡപ്യൂട്ടി കമ്മിഷണര്‍ നേരിട്ട് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നുണ്ടെന്നും കേന്ദ്ര ശാസ്ത്ര–സാങ്കേതിക വകുപ്പ് സഹമന്ത്രി ജിതേന്ദ്രസിങ് അറിയിച്ചു.
അപകടമുണ്ടായെന്ന് കണ്ടയുടന്‍ നാട്ടുകാര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. സൈനികരുടെ വിയോഗത്തില്‍ ദുഃഖം അറിയിക്കുന്നുവെന്നും അവരുടെ സ്തുത്യര്‍ഹമായ സേവനം രാജ്യം എക്കാലവും ഓര്‍ത്തിരിക്കുമെന്നും ജമ്മു കശ്മീര്‍ ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു. പരുക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു.