എഐ ചിത്രം
ലഹരി ഉപയോഗത്തിനായി പല പുരുഷന്‍മാരുമായും ശരീരം പങ്കിട്ട 17കാരിയില്‍ നിന്ന് എയ്ഡ്സ് ബാധിച്ച പുരുഷന്‍മാരുടെ ഭാര്യമാര്‍ക്കും എച്ച് ഐ വി ബാധ . ഉത്തരാഖണ്ഡിലെ രാംനഗറില്‍ നിന്ന് പുറത്തുവന്ന ഞെട്ടിക്കുന്ന വാര്‍ത്ത ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ സജീവ ചര്‍ച്ചയായിരിക്കുകയാണ്. ഒന്നരവര്‍ഷത്തിനിടെ 19ഓളം പുരുഷന്‍മാര്‍ക്ക് യുവതിയില്‍ നിന്ന് എച്ച് ഐ വി വൈറസ് പകര്‍ന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതിനിടെയാണ് ഇവരുടെ ഭാര്യമാരില്‍ ചിലരിലും വൈറസ് ബാധ കണ്ടെത്തിയത്. ഇതോടെ മേഖലയില്‍ ആരോഗ്യ വകുപ്പ് ഊര്‍ജിത നടപടികൾ ആരംഭിച്ചിരിക്കുകയാണ്.
വ്യാപകമായ എച്ച് ഐ വി ബാധയെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ വന്ന പോസ്റ്റും സജീവ ചര്‍ച്ചയായി. സംഭവം പലരെയും ഞെട്ടിച്ചെങ്കിലും, പുരുഷന്മാർ പ്രായപൂർത്തിയാകാത്ത ഒരാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് തന്നെ ശിക്ഷാർഹമായ കുറ്റമാണെന്നും ഇവര്‍ക്കെതിരെ പോക്സോ ചുമത്തണമെന്നും നിരവധി ആളുകൾ ചൂണ്ടിക്കാട്ടി. ഭാര്യമാരെ വഞ്ചിക്കുകയും പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുമായി ശാരീരിക ബന്ധം പുലര്‍ത്തുകയും ചെയ്ത വിവാഹിതരായ പുരുഷന്മാർ അര്‍ഹിക്കുന്നതാണ് ലഭിച്ചതെന്ന് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചവരുമുണ്ട്.
കഴിഞ്ഞ വർഷം ഒക്ടോബറിൽ നൈനിറ്റാൾ ജില്ലയിലെ ഗുലാർഘട്ടി പ്രദേശത്തുനിന്നാണ് ഞെട്ടിക്കുന്ന വാര്‍ത്ത ആദ്യം പുറത്തുവന്നത്. റിപ്പോർട്ടുകൾ പ്രകാരം 17കാരിക്ക് നിരവധി പുരുഷന്‍മാരുമായി ശാരീരിക ബന്ധം ഉണ്ടായിരുന്നു. അവരിൽ പലർക്കും പിന്നീട് എച്ച്ഐവി പോസിറ്റീവ് കണ്ടെത്തി. ശരീര പങ്കുവെച്ചതിലൂടെ തനിക്ക് ലഭിച്ച പണം ലഹരി വാങ്ങാനാണ് പെൺകുട്ടി ഉപയോഗിച്ചിരുന്നത്.
പെൺകുട്ടിയുമായി സമ്പർക്കം പുലർത്തിയ പുരുഷന്മാർക്ക് അവൾ എച്ച്ഐവി പോസിറ്റീവ് ആണെന്ന് അറിയില്ലായിരുന്നുവെന്നാണ് സമൂഹമാധ്യമത്തില്‍ വ്യാപകമായ ശ്രദ്ധ നേടിയ ഒരു പോസ്റ്റില്‍ പറയുന്നത്. അവരിൽ ചിലർ വിവാഹിതരായിരുന്നു. ഇതുവഴി അവരുടെ ഭാര്യമാരിലേക്കും വൈറസ് പടരാൻ കാരണമായി. പ്രദേശത്തെ ഒട്ടേറെ യുവാക്കള്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയതോടെയാണ് സംഭവത്തിന്‍റെ ഗുരുതര വ്യാപ്തി പുറത്തുവന്നത്. ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായ ചിലര്‍ രാംദത്ത് ജോഷി ജോയിന്റ് ആശുപത്രിയിലെ ഇന്റഗ്രേറ്റഡ് കൗൺസിലിംഗ് ആൻഡ് ടെസ്റ്റിംഗ് സെന്ററിനെ (ഐസിടിസി) സമീപിച്ചു. അവിടെ നടത്തിയ പരിശോധനയിലാണ് അവർക്ക് എച്ച്ഐവി പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് നടത്തിയ അന്വേഷണമാണ് ഇവര്‍ എല്ലാവര്‍ക്കും പൊതുവായി ബന്ധമുള്ള പെണ്‍കുട്ടിയിലേക്ക് ചെന്നെത്തിയത്.
ഞെട്ടിക്കുന്ന സംഭവത്തെത്തുടർന്ന് എച്ച്ഐവി/എയ്ഡ്സിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി മേഖലയിലെ ആരോഗ്യ വകുപ്പ് നടപടികൾ സ്വീകരിച്ചു. രോഗബാധിതർക്ക് സൗജന്യ പരിശോധനയും മരുന്നുകളും ലഭ്യമാക്കുന്നതിനായി സെമിനാറുകളും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചു. രോഗനിർണയം നടത്തിയ എല്ലാ വ്യക്തികളുടെയും വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.