മേഘവിസ്ഫോടനം വന്‍ ദുരന്തം വിതച്ച ഉത്തരാഖണ്ഡ് ധരാലിയില്‍ രക്ഷാപ്രവർത്തനം ദുഷ്കരം. മണ്ണിനടിയിൽപെട്ടവരെ കണ്ടെത്താനായി തിരച്ചില്‍ തുടരുകയാണ്. 9 സൈനികരടക്കം അറുപതിലേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. നാലുപേര്‍ കൊല്ലപ്പെട്ടു, ഒരാളുടെ മൃതദേഹം കണ്ടെത്തി. 150 പേരെ രക്ഷിച്ച് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി ദുരന്തമേഖലയിലെത്തി.
മിന്നല്‍പ്രളയത്തില്‍ തകര്‍ന്ന ധരാലി ഗ്രാമത്തില്‍ ജീവന്‍റെ അവശേഷിപ്പുകള്‍ തേടുകയാണ് രക്ഷാപ്രവര്‍ത്തകര്‍. മണ്ണും ചെളിയും അവശിഷ്ടങ്ങളും ഉയരത്തിലടിഞ്ഞ പ്രദേശത്ത് തിരച്ചില്‍ ദുഷ്കരം. ശമനമില്ലാതെ പെയ്യുന്ന മഴ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നു. കാണാതായ അറുപതിലേറെ മനുഷ്യര്‍ക്കായാണ് തിരച്ചില്‍. ധരാലിക്കുസമീപത്തെ ലോവര്‍ ഹര്‍ഷില്‍ ക്യാംപിലെ 9 സൈനികരെയും കണ്ടെത്താനുണ്ട്, രണ്ടുസൈനികരെ രക്ഷപെടുത്തി.
കരസേന, ദേശീയ–സംസ്ഥാന ദുരന്തനിവാരണ സേനകള്‍, പൊലീസ്, ഐ.ടി.ബി.പി. ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ തുടങ്ങി നാനുറിലേറെപ്പേരാണ് രാവിലെമുതല്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ധരാലിയിലേക്കുള്ള റോഡുകള്‍ തകര്‍ന്നത് കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തുന്നതിന് തടസമാകുന്നു. കാലാവസ്ഥ മെച്ചപ്പെട്ടാല്‍ ഹെലികോപ്റ്ററുകളും ഉപയോഗിക്കും. മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി ധരാലിയിലെത്തി സ്ഥിതി വിലയിരുത്തി.
തിരച്ചില്‍ പൂര്‍ത്തിയാകാന്‍ ഏറെ സമയമെടുക്കും. രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്കർ സിങ് ധാമിയുമായി സംസാരിച്ച് കേന്ദ്ര സഹായം ഉറപ്പു നൽകി. ഉത്തരാഖണ്ഡ് സർക്കാർ 20 കോടി രൂപ അനുവദിച്ചു. ഉത്തരകാശിയിലടക്കം 11 ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. ഗംഗാ നദിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. ബദരീനാഥ് പാതയിലുള്‍പ്പെടെ നിരവധി പ്രധാന റോഡുകളില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു.