കുറേ അധ്വാനിച്ച് ഭക്ഷണമുണ്ടാക്കി കഴിക്കാനിരിക്കുമ്പോള്‍ ഒരഞ്ജാതന്‍ വന്ന് നമ്മുടെ സെല്‍ഫി എടുത്ത് പോയാല്‍ എങ്ങനെയിരിക്കും. മടുപ്പുണ്ടാകും.. തീര്‍ച്ച. അത്തരമൊരു കേസിന് ഈയടുത്ത് ഗുജറാത്ത് പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. പക്ഷെ ഒരാളെ അറസ്റ്റ് ചെയ്യേണ്ട കേസൊക്കെ ഉണ്ടോ എന്ന ചോദ്യം വരുന്നതിന് മുന്നെ പറയാം. ഇരപിടിച്ച് അത് സ്വസ്ഥമായി തിന്നുകൊണ്ടിരുന്ന സിംഹത്തിന്‍റെ അടുത്ത് പോയായിരുന്നു യുവാവിന്‍റെ ഷോ... ഗുജറാത്ത് ഭാവനഗറില്‍ നിന്നാണ് ഞെട്ടിക്കുന്ന ദൃശ്യം പുറത്തുവരുന്നത്. സ്വസ്ഥമായിരുന്ന് തിന്നുന്ന സിംഹത്തെ യുവാവ് സമീപിക്കുന്നത് ഫോണിലാണ് പകര്‍ത്തിയിരിക്കുന്നത്. യുവാവിനെ തെളിവുസഹിതം ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്‍റ് അറസ്റ്റ് ചെയ്തു.
ഗൗതം എന്നാണ് അറസ്റ്റ് ചെയ്യപ്പെട്ട യുവാവിന്‍റെ പേര്. ഗൗതം അടുത്ത് എത്തിയതോടെ സിംഹം കുപിതനായി എണീക്കുന്നതും യുവാവിനെ നോക്കി ഗര്‍ജിച്ച് മുന്നോട്ടടുക്കുന്നതും കാണാം. ഇതോടെ യുവാവ് പിന്നോട്ട് ഫോണും പിടിച്ച് പതുക്കെ നടക്കുന്നു. ഇതോടെ സിംഹം യുവാവിനെ നേരെ പാഞ്ഞടുക്കുന്നു. ഇതേ സമയം വിഡിയോ റെക്കോഡ് ചെയ്യുന്നവരും നാട്ടുകാരും കൂടി ഉറക്കെ ശബ്ദമുണ്ടാക്കുന്നതോടെ സിംഹം ശ്രദ്ധ തിരിച്ച് നടന്നുപോകുന്നതും കാണാം.
വിഡിയോ വൈറലായതോടെ യുവാവിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നുവന്നത്. യുവാവ് സ്വന്തം ജീവനും സിംഹത്തിന്‍റെ ജീവനും ഭീഷണിയാവുന്ന നിലയിലാണ് പ്രവര്‍ത്തിച്ചത്. യുവാവിനെതിരെ വനനിയമങ്ങള്‍ പ്രകാരം ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ലോകത്ത് ആഫ്രിക്ക കഴിഞ്ഞാല്‍ സിംഹങ്ങളുള്ള ഏക പ്രദേശമാണ് ഗുജറാത്തിലെ ഗിര്‍ വനവും സമീപപ്രദേശങ്ങളും. അതീവ സുരക്ഷയുള്ള സിംഹങ്ങള്‍ക്കരുകിലേക്ക് യുവാവ് എങ്ങനെ എത്തി എന്നതിലും അന്വേഷണമുണ്ട്.