india-china-russia-us

യു.എസിന്‍റെ തീരുവ ഭീഷണിക്കിടെ ചൈന– റഷ്യ സഹകരണത്തിന് ഇന്ത്യ. റഷ്യയുമായുള്ള സഹകരണം കൂട്ടാന്‍ ദേശിയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ മോസ്കോയിലെത്തിയതിന് പിന്നാലെ  പ്രധാനമന്ത്രി നരേന്ദ്രമോദി ബെയ്ജിങിലേക്ക് പോകും. യു.എസിന്‍റെ തീരുവ ഭീഷണികള്‍ ചൈനീസ് പ്രസിഡന്‍റ് ഷീ ചിന്‍ പിങുമായി ചര്‍ച്ച നടത്തുമെന്നാണ് വിവരം. റഷ്യയുമായുള്ള എണ്ണ ഇടപാടില്‍, യുഎസ് ഇന്ത്യയെ പ്രതിസ്ഥാനത്ത് നിര്‍ത്തുമ്പോഴാണ് ദേശിയ സുരക്ഷാ ഉപദേഷ്ടാവ് റഷ്യയിലെത്തിയത്. 

ഓഗസ്റ്റ് 31 നാണ് മോദിയുടെ ചൈന സന്ദര്‍ശനം. 2019 ന് ശേഷം മോദിയുടെ ആദ്യ ചൈനീസ് സന്ദര്‍ശനമാണിത്. ഈ മാസം 31– സെപ്റ്റംബര്‍ ഒന്ന് തിയതികളില്‍ ചൈനയിലെ ടിയാന്‍ജിനില്‍ നടക്കുന്ന ഷാങ്ഹായ് കോ ഓപറേഷന്‍ ഉച്ചകോടിയിലാണ് പ്രധാനമന്ത്രി പങ്കെടുക്കുക. ഗല്‍വന്‍ സംഘര്‍ഷത്തിനുശേഷം മോദിയുടെ ആദ്യ ചൈനീസ് സന്ദര്‍ശനമാണിത്. ഉച്ചകോടിക്കിടെ പ്രസിഡന്റ് ഷീ ചിന്‍ പിങ്ങുമായി മോദി ഉഭയകക്ഷി ചര്‍ച്ച നടത്തിയേക്കും. 

കഴിഞ്ഞ വര്‍ഷം കസാനില്‍ ബ്രിക്സ് ഉച്ചകോടിക്കിടെയാണ് അവസാനമായി നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയത്. അതിര്‍ത്തിയിലെ സമാധാന ശ്രമങ്ങള്‍ക്ക് കൂടുതല്‍ കരുത്തുപകരാന്‍ മോദിയുടെ ചൈനീസ് സന്ദര്‍ശനത്തിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍. യു.എസിന്‍റെ തീരുവ ഭീഷണിയും നേതാക്കള്‍ ചര്‍ച്ചചെയ്യും. 

അതേസമയം യു.എസ് പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിന്‍റെ ഭീഷണിക്കിടെ ഇന്ത്യയുടെ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ റഷ്യയിലെത്തി. ഊര്‍ജ, പ്രതിരോധ മേഖലകളില്‍ ഇന്ത്യ– റഷ്യ സഹകരണം ഉറപ്പിക്കുകയാണ് സന്ദര്‍ശനത്തിന്‍റെ ലക്ഷ്യം. ട്രംപിന്‍റെ ഭീഷണിക്ക് മുന്‍പെ നിശ്ചയിച്ച സന്ദര്‍ശനമാണെങ്കിലും നിലവിലെ സാഹചര്യത്തില്‍ യാത്രയ്ക്ക് വലിയ പ്രധാന്യമുണ്ട്.

റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരുന്നതിനാല്‍ ഇന്ത്യയ്ക്ക് മേല്‍ താരിഫ് ഉയര്‍ത്തുമെന്ന് ട്രംപ് ചൊവ്വാഴ്ച ഭീഷണിമുഴക്കിയിരുന്നു. അതേസമയം, ഈ മാസം അവസാനത്തോടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും റഷ്യയിലേക്ക് എത്തുമെന്നാണ് വിവരം.

റഷ്യന്‍ പ്രതിനിധികളുമായി അടച്ചിട്ട മുറിയില്‍ ഡോവല്‍ ചര്‍ച്ച നടത്തും. പ്രാദേശിക സ്ഥിരത, തീവ്രവാദ വിരുദ്ധ സഹകരണം, ഊർജ സുരക്ഷ എന്നിവയാണ് ചര്‍ച്ച ചെയ്യുക. റഷ്യന്‍ നിര്‍മിത വ്യോമപ്രതിരോധ സംവിധാനമായ എസ്-400 ഇന്ത്യ കൂടുതല്‍ വാങ്ങുമെന്നാണ് വിവരം. 

ENGLISH SUMMARY:

India is strategically boosting cooperation with China and Russia, with Prime Minister Modi's upcoming China visit and NSA Doval's trip to Russia, aiming to navigate US tariff threats and strengthen bilateral ties. These diplomatic engagements focus on border peace, energy security, and defense deals, signaling India's nuanced foreign policy amidst global geopolitical shifts.