ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന ഷിബു സോറൻ അന്തരിച്ചു. 81 വയസായിരുന്നു. വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് ഡല്‍ഹി ഗംഗാറാം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആദിവാസി വിഭാഗങ്ങള്‍ക്കായി ജീവിതം സമര്‍പ്പിച്ച ഷിബു സോറന്റെ നിര്യാണത്തില്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഭരണ പ്രതിപക്ഷ നേതാക്കളും അനുശോചിച്ചു. സിറ്റിംഗ് എംപിയുടെ നിര്യാണത്തിൽ അനുശോചിച്ച് രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു.
ജാര്‍ഖണ്ഡുകാരുടെ ദിഷോം ഗുരു ഇനിയില്ല. ഏത് കാര്യത്തിനും പരിഹാരം തേടി ആള്‍ക്കൂട്ടം ഓടിയെത്തിയിരുന്ന ഗുരുജിയുടെ വീടിനി അടഞ്ഞു കിടക്കും. വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് ഒരു മാസമായി ഡല്‍ഹി ഗംഗാറാം ആശുപത്രിയില് വെന്റിറിലേറ്ററിന്‍റെ സഹായത്തിലായിരുന്നു ഷിബു സോറന്‍. രാവിലെ 8.56ഓടു കൂടി മരണം സ്ഥിരീകരിച്ചെന്ന കാര്യം മകനും ജാർഖണ്ഡ് മുഖ്യമന്ത്രിയായ ഹേമന്ത്സോറനാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.
1972ല്‍ ജർഖണ്ഡ് മുക്തി മോർച്ച രൂപീകരിച്ച് സംസ്ഥാന രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും നിറഞ്ഞുനിന്ന നേതാവായിരുന്നു ഷിബു സോറൻ. ആദിവാസി പിന്നാക്ക വിഭാഗങ്ങളുടെ ഉറച്ച ശബ്ദമായ ഷിബു സോറൻ നിലവില്‍ രാജ്യസഭ എംപിയാണ്. 2020ലാണ് രാജ്യസഭയിലെത്തിയത്. മൂന്ന് തവണ ജാർഖണ്ഡ് മുഖ്യമന്ത്രി. 8 തവണ ലോക്സഭാംഗം. 3 തവണ കേന്ദ്ര കൽക്കരി മന്ത്രി. അവസരം പലതവണ ലഭിച്ചെങ്കിലും മുഖ്യമന്ത്രി പദത്തിലും കേന്ദ്രമന്ത്രി പദത്തിലും കൊലപാതക കേസുകള്‍ മൂലം കാലാവധി പൂര്‍ത്തിയാക്കാനായില്ല.
ബീഹാറിലെ രാംഗഡ് ജില്ലയിലെ സന്താൾ ആദിവാസി കുടുംബത്തില്‍ 1944 ജനുവരി 11 ജനിച്ച ഷിബു സോറന്‍ 18ആം വയസിൽ സന്താൾ നവയുക്ത് സംഘ് എന്ന പ്രസ്താനം രൂപീകരിച്ചാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. സാമൂഹ്യ നീതിക്കായി പോരാടിയ ഷിബുസോറന്റെ വിയോഗം തീരാനഷ്ടമെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവും ആദിവാസി – ദരിദ്ര– സമൂഹങ്ങളുടെ ശാക്തീകരണത്തിനായി പ്രവര്‍ത്തിച്ച നേതാവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും അനുശോചിച്ചു. സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ദുഖാചചരണം പ്രഖ്യാപിച്ചു.