സാൻ ഫ്രാൻസിസ്കോയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാർക്കൊപ്പം പാറ്റകളും. പാറ്റകളെ കണ്ടെത്തിയ സീറ്റിലുണ്ടായിരുന്ന രണ്ട് യാത്രക്കാർക്ക് എയർ ഇന്ത്യ മറ്റ് സീറ്റുകൾ നൽകി. സംഭവത്തിൽ എയർ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു.
സാൻ ഫ്രാൻസിസ്കോയിൽ നിന്ന് കൊൽക്കത്ത വഴി മുംബൈയിലേക്ക് പോവുകയായിരുന്ന എഐ180 വിമാനത്തിലാണ് സംഭവം. കൊൽക്കത്തയിലേക്കുള്ള യാത്രാമധ്യേ വിമാനത്തിൽ പാറ്റകളെ കണ്ടതായി രണ്ട് യാത്രക്കാർ പരാതിപ്പെട്ടു. ഉടൻ തന്നെ യാത്രക്കാരെ അതേ ക്യാബിനിലെ മറ്റ് സീറ്റുകളിലേക്ക് മാറ്റി, അവർക്ക് സുഖപ്രദമായ യാത്ര ഉറപ്പാക്കിയതായി എയർ ഇന്ത്യ അറിയിച്ചു.
കൊൽക്കത്തയിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ വിമാനം അണുവിമുക്തമാക്കിയെന്നും എയർ ഇന്ത്യ വ്യക്തമാക്കി. ‘പുകയിട്ട് അണുവിമുക്തമാക്കാറുണ്ടെങ്കിലും, ഗ്രൗണ്ട് ഓപ്പറേഷൻ സമയത്ത് ചിലപ്പോൾ പ്രാണികൾ വിമാനത്തിൽ കയറാറുണ്ട്,’ എന്ന് പറഞ്ഞുകൊണ്ടാണ് എയർ ഇന്ത്യ സംഭവത്തെ നിസ്സാരവത്കരിച്ചത്. യാത്രക്കാർക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താനും, ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ കൂടുതൽ നടപടികൾ സ്വീകരിക്കാനും നിർദേശം നൽകിയിട്ടുണ്ടെന്നും എയർ ഇന്ത്യ വ്യക്തമാക്കി. അടുത്തിടെ ഭുവനേശ്വറിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനം ക്യാബിനിലെ ഉയർന്ന താപനില കാരണം റദ്ദാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് പുതിയ സംഭവം.