നിരവധി മൃതദ്ദേഹങ്ങൾ ദുരൂഹ സാഹചര്യത്തിൽ സംസ്‌കരിച്ചെന്ന വെളിപ്പെടുത്തലിൽ കര്‍ണാടകയിലെ ധർമ്മസ്ഥലയിൽ നടക്കുന്ന പരിശോധന ഇന്ന് അഞ്ചാം ദിവസത്തിലേക്ക്. വെളിപ്പെടുത്തൽ നടത്തിയ ശുചീകരണത്തൊഴിലാളി ചൂണ്ടിക്കാട്ടിയ പോയിന്‍റുകളിലാണ് പരിശോധന. മണ്ണ് മാന്തി യന്ത്രം ഉൾപ്പെടെ എത്തിച്ചുള്ള പരിശോധനയിൽ വിവരങ്ങൾ ഒരു കാരണവശാലും പുറത്ത് പോകരുതെന്ന് സംഘത്തിലുള്ളവർക്ക് കർശന നിർദേശമുണ്ട്.
അതിനിടെ, അന്വേഷണം തീരുന്നത് വരെ എസ്ഐടി തലവനെ മാറ്റില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. അന്വേഷണം തീരുന്നത് വരെ പ്രണബ് സംഘത്തെ നയിക്കും. ഡപ്യൂട്ടേഷനെപ്പറ്റി കേന്ദ്രം അറിയിപ്പ് നല്‍കിയിട്ടില്ല. അറിയിപ്പ് ലഭിച്ചാലും തീരുമാനം സംസ്ഥാനത്തിന്റേതെന്നും കര്‍ണാടക ആഭ്യന്തരമന്ത്രി പ്രതികരിച്ചു.
ധർമ്മസ്ഥലയിൽ നാലാം ദിവസത്തെ പരിശോധനയിൽ എസ്ഐടി സംഘത്തിന് ഒന്നും കണ്ടെത്താനായില്ല. അതീവ സുരക്ഷയിൽ 7,8 സ്പോട്ടുകളിലാണ് ഇന്നലെ പരിശോധന നടന്നത്. അതിനിടെ ധർമ്മസ്ഥല വിഷയത്തിൽ ഏർപ്പെടുത്തിയിരുന്ന മാധ്യമ വിലക്ക് കർണാടക ഹൈക്കോടതി റദ്ദാക്കി.