പശ്ചിമേഷ്യ സംഘര്‍ഷം രാജ്യത്തെ പാചകവാതക, ഇന്ധനമേഖലയെ കുറച്ചൊന്നുമല്ല താളംതെറ്റിച്ചത്. ഹോര്‍മൂസ് കടലിടുക്കിലെ സംഘര്‍ഷം ഗള്‍ഫില്‍ നിന്ന് ഇന്ത്യയിലേക്ക് ക്രൂഡോയില്‍ എത്തുന്നതിന് തടസമായിരുന്നു. ഇറാഖ് തീരത്ത് യുഎസ് എണ്ണക്കപ്പല്‍ ഇറാന്‍ ആക്രമിച്ചത് ആശങ്ക വര്‍ധിപ്പിക്കുകയും ചെയ്തു. പ്രതിസന്ധി രൂക്ഷമാകുമെന്ന സൂചനകള്‍ക്കിടെ ഇന്ത്യയ്ക്ക് ആശ്വാസമായി ഹോര്‍മൂസിലുടെ തന്ത്രപരമായി യാത്ര തിരിച്ച ലൈബീരിയന്‍ എണ്ണക്കപ്പല്‍ രാജ്യത്തെത്തി.
സൗദി അറേബ്യയിലെ റാസ് തനൂര തീരത്ത് നിന്ന് പുറപ്പെട്ട ഷെന്‍ലോങ് സുയെസ്മാക്സ് എന്ന കപ്പലാണ് മുംബൈ തുറമുഖം തൊട്ടത്. ഇറാന്‍ നാവികസേനയുടെ അനുമതിയോടെയാണ് കപ്പല്‍ ഹോര്‍മൂസിലെ സുരക്ഷിത പാത തിരഞ്ഞെടുത്തത്. പൂര്‍ണമായും ഇന്ത്യന്‍ നാവികരുടെ നിയന്ത്രണത്തിലാണ് ലൈബീരിയന്‍ കപ്പല്‍.
ഇതോടെ കൂടുതല്‍ എണ്ണക്കപ്പലുകള്‍ക്ക് രാജ്യത്തെത്താമെന്നും പാചകവാതക, ക്രൂഡ് ഓയില്‍ പ്രതിസന്ധിക്ക് അവസാനമാകുമെന്നുമാണ് പ്രതീക്ഷ. വിദേശകാര്യ മന്ത്രി എസ്.ജയശങ്കറും ഇറാനിയന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയും തമ്മില്‍ നടത്തിയ ആശയവിനിമയത്തിന് പിന്നാലെയാണ് കപ്പലിന് ഇറാന്‍ സഞ്ചാരാനുമതി നല്‍കിയത്.
പ്രതിദിനം 13 മില്യണ്‍ ബാരല്‍ ഇന്ധനമാണ് ഹോര്‍മുസ് കടലിടുക്ക് വഴി കടന്നുപോയിരുന്നത്. ചിലയിടങ്ങളില്‍ 55 കിലോമീറ്റര്‍ മാത്രം വീതിയുള്ള കടലിടുക്ക് ഇറാന്‍ അടച്ചാല്‍ ലോകം മുഴുവന്‍ പ്രതിസന്ധിയിലാകും. ഇന്ധനത്തിന് നെട്ടോട്ടമോടും. അവശ്യസാധനങ്ങളുടെ വില കൂടും. സംസ്ഥാനത്തുള്‍പ്പടെ രാജ്യത്ത് പലഭാഗങ്ങളിലും എല്‍പിജി ദൗര്‍ലഭ്യം രൂക്ഷമാണ്. ഹോട്ടലുകളും കടുത്ത പ്രതിസന്ധിയിലാണ്.