കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചെങ്കിലും നിയമപോരാട്ടം തുടരുമെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ. FIR റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിക്കാനാണ് സഭാ തീരുമാനം. ജാമ്യം ലഭിച്ചതില്‍ കേന്ദ്രസര്‍ക്കാരിനും ഛത്തിസ്ഗഡ് സര്‍ക്കാരിനും സിബിസിഐ നന്ദി പറഞ്ഞു. എന്നാല്‍ കള്ളക്കേസാണ് കന്യാസ്ത്രീകള്‍ക്കെതിരെ എടുത്തതെന്ന് തന്നെയാണ് സഭാ നിലപാട്. അതിനാല്‍ ഹൈക്കോടതിയെ സമീപിക്കും
കേസ് റദ്ദാക്കാന്‍ ഭരണാധികാരികള്‍ ആര്‍ജവം കാണിക്കണമെന്നും കര്‍ദിനാള്‍ മാര്‍ ക്ലീമീസ് കാതോലിക്ക ബാവ. ജാമ്യം ലഭിച്ചത് ആശ്വാസകരമെന്ന് ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ വാവാ. കന്യാസ്ത്രീകളെ തടഞ്ഞുവച്ച് പരസ്യ വിചാരണ നടത്തിയവര്‍ക്കെതിരെ കേസെടുക്കണം. കള്ളക്കേസ് റദ്ദാക്കിയാലേ കന്യാസ്ത്രീകള്‍ക്ക് നീതി ലഭിക്കൂവെന്നും കാതോലിക്ക ബാവ ഫെയ്സ്ബുക്കില്‍ കുറിച്ചു.
കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കും സംരക്ഷണം ആവശ്യമാണെന്നും ഭരണഘടന ഉറപ്പുനല്‍കുന്ന സഞ്ചാര മത സ്വാതന്ത്ര്യം ലഭിക്കണമെന്നും സിബിസിഐ ലീഗൽ സെൽ സെക്രട്ടറി സിസ്റ്റര്‍ സായൂജ്യ പറഞ്ഞു. മതേതര ഇന്ത്യയുടെ മുറിവായി വിഷയം ഏറ്റെടുത്ത മാധ്യമങ്ങള്‍ക്കും സഭ നന്ദി പറഞ്ഞു.