മലേഗാവ് സ്ഫോടന കേസില്‍ ബിജെപി നേതാവ് പ്രജ്ഞാ സിങ് ഠാക്കൂർ ഉൾപ്പെടെ ഏഴു പ്രതികളെയും വെറുതെവിട്ട് മുംബൈയിലെ പ്രത്യേക എൻഐഎ കോടതി. സ്ഫോടനവുമായി പ്രതികളെ ബന്ധിപ്പിക്കാനുള്ള തെളിവുകൾ എൻ ഐ എക്ക് ഹാജരാക്കാനായില്ലെന്നും പ്രതികൾക്കെതിരായ ഗൂഢാലോചന തെളിയിക്കുന്നതിൽ അന്വേഷണ ഏജന്‍സി പൂര്‍ണമായും പരാജയപ്പെട്ടെന്ന് കോടതി നിരീക്ഷിച്ചു.
സ്ഫോടനം നടന്ന് 17 വർഷത്തിനു ശേഷമാണ് രാജ്യത്തെ നടുക്കിയ മലേഗാവ് സ്ഫോടന കേസിലെ വിധി പ്രഖ്യാപിക്കുന്നത്. ബിജെപി നേതാവും മുൻ എംപിയുമായ പ്രജ്ഞാ സിങ് ഠാക്കൂർ, ലെഫ്റ്റനന്റ് കേണൽ പ്രസാദ് പുരോഹിത്, മേജർ രമേശ് ഉപാധ്യായ, അജയ് റഹിർക്കർ. സുധാകർ ദ്വിവേദി സമീർ കുൽക്കർണി, എന്നിവർക്കെതിരായ ഗൂഢാലോചന തെളിയിക്കാൻ ആയില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. യുഎപിഎ കുറ്റവും തെളിയിക്കാനായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഭീകരതയ്ക്ക് മതമില്ലെന്നും ഒരു മതത്തിനും അക്രമത്തെ പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. ചില ധാരണകളുടെ അടിസ്ഥാനത്തില്‍ കോടതിക്ക് ആരെയും ശിക്ഷിക്കാനാകില്ല. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപവീതവും നഷ്ടപരിഹാരം നല്‍കാനും കോടതി നിര്‍ദേശിച്ചു. കേസിൻ്റെ വിചാരണയ്ക്കിടെ 323 സാക്ഷികളെയാണ് പ്രോസിക്യൂഷൻ വിസ്തരിച്ചത്. ഇതിൽ 40 സാക്ഷികൾ കൂറുമാറിയിരുന്നു. 2008 സെപ്റ്റംബര്‍ 29-നാണ് മലേഗാവിലെ ബിക്കു ചൗക്കിന് സമീപത്തെ പള്ളിക്കടുത്തായി സ്ഫോടനമുണ്ടായത്.