പ്രതീകാത്മക ചിത്രം
ചില്ലി ചിക്കനാണെന്ന് പറഞ്ഞ് വവ്വാലിന്‍റെ ഇറച്ചി വിറ്റ രണ്ടുപേര്‍ സേലത്ത് പിടിയില്‍. ഡാനിഷ്പേട്ടിലാണ് സംഭവം. തോപ്പൂര്‍ രാമസ്വാമി ഫോറസ്റ്റ് റേഞ്ചില്‍ ഒന്നിലധികം വെടിയൊച്ചകള്‍ കേട്ടതായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വവ്വാല്‍ ഇറച്ചി പാകം ചെയ്ത് വില്‍ക്കുന്ന രണ്ടുപേരെ കണ്ടെത്തിയത്.
ഡാനിഷ്പേട്ട് സ്വദേശികളായ എം. കമാല്‍ (36), വി. സെല്‍വം (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഫോറസ്റ്റ് റേഞ്ചര്‍ വിമല്‍ കുമാറിന്‍റെ നേതൃത്വത്തിലുളള പട്രോളിങ് സംഘമാണ് പരിശോധനയ്ക്കിടെ പ്രതികളെ പിടികൂടിയത്. ചോദ്യം ചെയ്യലില്‍ വവ്വാലിനെ കറിവെച്ച് വില്‍ക്കുന്നതായി പ്രതികള്‍ സമ്മതിച്ചു. ചില്ലി ചിക്കനെന്ന പേരിലാണ് തങ്ങള്‍ വവ്വാല്‍ ഇറച്ചി വില്‍ക്കുന്നതെന്നും പ്രതികള്‍ മൊഴി നല്‍കി. പഴംതീനി വവ്വാലുകളെയാണ് പ്രതികള്‍ വേട്ടയാടിപ്പിടിച്ച് പാകം ചെയ്ത് വില്‍ക്കുന്നതെന്നും പൊലീസ് പറയുന്നു. പിടിയിലായ രണ്ട് പ്രതികളും റിമാന്‍ഡിലാണെന്നും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.