kerala-mp

TOPICS COVERED

ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റുചെയ്ത വിഷയം പാര്‍ലമെന്‍റില്‍ ശക്തമായി അവതരിപ്പിച്ച് കേരള എം.പിമാര്‍. ചെയ്യാത്ത തെറ്റിനാണ് അറസ്റ്റെന്ന് പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. ഉടന്‍ മോചിപ്പിക്കണമെന്നു കെ.സി.വേണുഗോപാലും കൊടിക്കുന്നില്‍ സുരേഷും ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയെ നേരില്‍ കാണാന്‍ ഒരുങ്ങുകയാണ് യു.ഡി.എഫ്. എം.പിമാര്‍. സഭ ചേരുംമുന്‍പ് പാര്‍ലമെന്‍റ് കവാടത്തിലും പ്രതിഷേധിച്ചു.

കന്യാസ്ത്രീകളെ അറസ്റ്റുചെയ്തതിലെ പ്രതിഷേധം പാര്‍ലമെന്‍റിനകത്തും പുറത്തും ശക്തമാക്കുകയാണ് കോണ്‍ഗ്രസ്.  രാവിലെ പ്രയിങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ യു.ഡി.എഫ്. എംപിമാര്‍ പാര്‍ലമെന്‍റിന് സമീപത്തെ ഗാന്ധി പ്രതിമയില്‍ സംഘടിച്ച് മുദ്രാവാക്യം മുഴക്കി. ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നു പ്രിയങ്ക ഗാന്ധി പറഞ്ഞു.

ലോക്സഭയില്‍ ശൂന്യവേളയിലാണ് എം.പിമാര്‍ വിഷയം ഉന്നയിച്ചത്. കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് എത്രയും വേഗം കന്യാസ്ത്രീകളുടെ മോചനം സാധ്യമാക്കണമെന്ന് കെ.സി.വേണുഗോപാല്‍ ആവശ്യപ്പെട്ടു. ഇനിയും വൈകിയാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകും. കേരളത്തിലും പ്രതിഷേധം ശക്തമാവുകയാണെന്ന് കെ.സി.

ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്നവരെയാണ് ജയിലില്‍ ആക്കിയതെന്നും ആഭ്യന്തര മന്ത്രി പാര്‍ലമെന്‍റില്‍ പ്രസ്താവന നടത്തണമെന്നും കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടു. യു.ഡി.എഫ് എംപിമാര്‍ പ്രധാനമന്ത്രിയെ നേരില്‍ക്കണ്ട് വിഷയം അവതരിപ്പിക്കുമെന്നും കൊടിക്കുന്നില്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ഇരുസഭകളിലും കന്യസ്ത്രീകള്‍ക്കെതിരായ അതിക്രമം ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട് എം.പിമാര്‍ നല്‍കിയ നോട്ടിസുകള്‍ തള്ളി.

ENGLISH SUMMARY:

Kerala MPs raised strong protests in Parliament over the arrest of nuns in Chhattisgarh. Priyanka Gandhi condemned the arrests, calling them unjust, while K.C. Venugopal and Kodikunnil Suresh demanded their immediate release. UDF MPs plan to meet the Prime Minister and staged a protest outside Parliament before the session.