ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ മോചനത്തിനായി തീവ്രശ്രമം തുടരുമ്പോഴും ജാമ്യാപേക്ഷ സമർപ്പിക്കുന്നതിൽ അനിശ്ചിതത്വം. കേസ് ഫയൽ പൊലീസ് കോടതിയിൽ സമർപ്പിച്ചിട്ടില്ലെന്ന് സന്യാസ സമൂഹം ആരോപിച്ചു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി ഛത്തീസ്ഗഡ് ആഭ്യന്തരമന്ത്രിയെ കണ്ടു. ഇന്ത്യാ സഖ്യ എംപിമാരും സിസ്റ്റർ പ്രീതി മേരിയുടെ സഹോദരൻ ബൈജുവും റായ്പൂരിലെത്തി. ഇടത് പ്രതിനിധിസംഘവും ഉടൻ ഛത്തീസ്ഗഡിലെത്തും. കന്യാസ്ത്രീകളുടെ അറസ്റ്റിൽ പാർലമെന്റിൽ ഇന്നും ശക്തമായ പ്രതിഷേധമുയർന്നു. Also Read: ‘കേരളത്തിൽ കേക്ക് നോർത്തിൽ കൈവിലങ്ങ്’; രാജ്യത്ത് ക്രൈസ്തവര്‍ ഭയത്തിലെന്ന് സിബിസിഐ
വെള്ളിയാഴ്ച അറസ്റ്റിലായ സി. വന്ദന ഫ്രാൻസീസും സി. പ്രീതി മേരിയും അഞ്ചാം ദിനവും ജയിലിൽ തന്നെ. ജാമ്യാപേക്ഷ നൽകുന്നതിൽ കൂടിയാലോചനകൾ തുടരുന്നതായി സഭാ കേന്ദ്രങ്ങൾ അറിയിക്കുന്നു. കേസ് ഫയൽ പൊലീസ് കോടതിയിൽ കൊടുക്കാത്തതാണ് ജാമ്യാപേക്ഷ സമർപ്പിക്കുന്നതിന് തടസ്സമായി സന്യാസ സഭ ചൂണ്ടിക്കാട്ടുന്നത്. ദുർഗ് സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകേണ്ടത്.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നിർദേശപ്രകാരം ഛത്തീസ്ഗഡിലെത്തിയ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായിയുമായും ആഭ്യന്തരമന്ത്രി വിജയ് ശർമയുമായും കൂടിക്കാഴ്ച നടത്തി. നീതിപൂർവ്വവും പ്രതീക്ഷാപരവുമായ നടപടികൾ ഉണ്ടാകുമെന്നും അതുവരെ ഛത്തീസ്ഗഡിൽ തുടരുമെന്നും അനൂപ് ആന്റണി വ്യക്തമാക്കി.
മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായ ഛത്തീസ്ഗഡിലെ സാഹചര്യം കേരളത്തിലെ ജനങ്ങള്‍ മനസിലാക്കണമെന്ന് അനൂപ് ആന്‍റണി പറഞ്ഞു. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ ശക്തമായ നിയമമുള്ള സംസ്ഥാനമാണിത്. കോണ്‍ഗ്രസ് സര്‍ക്കാരാണ് നിയമം കൊണ്ടുവന്നത്. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത കേസില്‍ നീതിപൂര്‍വമായ നടപടികള്‍ ഛത്തീസ്ഗഡ് ആഭ്യന്തരമന്ത്രി ഉറപ്പുനല്‍കി. അന്വേഷണത്തിലൂടെ മാത്രമേ കാര്യങ്ങള്‍ വ്യക്തമാകൂ എന്നും അനൂപ് ആന്‍റണി പറഞ്ഞു. ഛത്തീസ്ഗഡ് ആഭ്യന്തരമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ബിജെപി പ്രതിനിധി മാധ്യമങ്ങളെ കണ്ടത്.
ഛത്തീസ്ഗഡിലെത്തിയ ഇന്ത്യാ സഖ്യത്തില്‍ എംപിമാരായ ബെന്നി ബഹനാൻ, ഫ്രാൻസീസ് ജോർജ്, എൻ.കെ.പ്രേമചന്ദ്രൻ എന്നിവരും റോജി എം.ജോൺ എംഎൽഎയും ഉള്‍പ്പെടുന്നു. ഇടത് പ്രതിനിധി സംഘവും ഛത്തീസ്ഗഡിലെത്തും. ബൃന്ദാ കാരാട്ടിന്‍റെ നേതൃത്വം നല്‍കുന്ന സംഘത്തില്‍ എംപിമാരായ കെ.രാധാകൃഷ്ണൻ, ജോസ് കെ.മാണി, എ.എ.റഹിം, പി.പി.സുനീർ എന്നിവരാണുള്ളത്.
സിസ്റ്റർ പ്രീതി മേരിയുടെ സഹോദരൻ ബൈജുവും റായ്പൂരിലെത്തി. മലയാളി കന്യാസ്ത്രീമാരുടെ അറസ്റ്റിൽ പാർലമെന്റ് അകത്തും പുറത്തും ഇന്നും പ്രതിപക്ഷ പാർട്ടികൾ ശക്തമായ പ്രതിഷേധമുയർത്തി