ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തിയത് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ഇടപെടലിലെന്ന അവകാശവാദം തള്ളി പ്രതിരോധ മന്ത്രി രാജ്‍നാഥ് സിങ്. ആരുടെയും സമ്മര്‍ദമല്ല കാരണമെന്നും പാക്കിസ്ഥാനാണ് വെടിനിര്‍ത്തലിന് അഭ്യര്‍ഥിച്ചതെന്നും ലോക്സഭയില്‍ പ്രത്യേക ചര്‍ച്ചയ്ക്ക് തുടക്കമിട്ട് അദ്ദേഹം പറഞ്ഞു. യുദ്ധത്തിനിടെ വിമാനങ്ങള്‍ തകര്‍ന്നെന്ന യുഎസ് പ്രസിഡന്‍റിന്‍റെ പ്രസ്താവനയെ കുറിച്ച് മന്ത്രി വ്യക്തത വരുത്തിയില്ല. ലോക്സഭയില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്.
ഓപ്പറേഷന്‍ സിന്ദൂറില്‍ കണ്ടത് രാജ്യത്തിന്‍റെ സൈനിക ശക്തി മാത്രമല്ല, രാഷ്ട്രീയ ധീരതയുമെന്ന് രാജ്‍നാഥ് സിങ്. ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ സാധിച്ചു. ഇന്ത്യയിലെ ജനവാസ കേന്ദ്രങ്ങളില്‍ ആക്രമണം നടത്താനുള്ള പാക് ശ്രമങ്ങളെ പൂര്‍ണമായി പരാജയപ്പെടുത്തി. മേയ് 10 ന് ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ നിരവധി പാക് വ്യോമകേന്ദ്രങ്ങള്‍ തകര്‍ന്നു. ഇതോടെ അവര്‍ തോല്‍വി സമ്മതിച്ച് വെടി നിര്‍ത്തലിന് അഭ്യര്‍ഥിച്ചു. അത് അംഗീകരിക്കുകയായിരുന്നു. വീണ്ടും സാഹസത്തിന് മുതിര്‍ന്നാല്‍ ഓപ്പറേഷന്‍ സിന്ദൂര്‍ തുടരുമെന്നും രാജ്‍നാഥ് സിങ് പറഞ്ഞു.
ഇന്ത്യയുടെ എത്ര വിമാനം തകര്‍ന്നുവെന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്. പാക്കിസ്ഥാന്‍റെ എത്ര വിമാനം തകര്‍ത്തുവെന്നാണ് യഥാര്‍ഥത്തില്‍ അവര്‍ ചോദിക്കേണ്ടത്. വലിയ ലക്ഷ്യങ്ങള്‍ക്കുവേണ്ടിയുള്ള ചെറിയ നഷ്ടങ്ങള്‍ കാര്യമാക്കേണ്ടെന്നും രാജ്‍നാഥ് സിങ്. എന്നാല്‍ വിമാനങ്ങള്‍ തകര്‍ന്നോ എന്ന് വ്യക്തമാക്കാന്‍ മന്ത്രി തയാറായില്ല. ഭീകരര്‍ എങ്ങനെ പഹല്‍ഗാമില്‍ എത്തി, അവര്‍ എവിടെപ്പോയി എന്നതിനെല്ലാം മറുപടി ലഭിക്കണമെന്ന് പ്രതിപക്ഷത്തുനിന്ന് സംസാരിച്ച ഗൗരവ് ഗൊഗോയ് ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധി നാളെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കും.