Image: X / @jsuryareddy

വാടക ഗർഭധാരണത്തിലൂടെ ലഭിച്ച കുട്ടിക്ക് മാതാപിതാക്കളുമായി ജനിതക ബന്ധമില്ലെന്ന് കണ്ടെത്തിയതോടെ ഹൈദരാബാദിൽ ഡോക്ടർ ഉൾപ്പെടെ 10 പേർ അറസ്റ്റിലായി. സെക്കന്തരാബാദില്‍ പ്രവര്‍ത്തിക്കുന്ന ക്ലിനിക്ക് ഏർപ്പാടാക്കിയ വാടക ഗർഭധാരണത്തിലൂടെ ജനിച്ച കുട്ടിക്ക് തങ്ങളുമായി ജനിതക ബന്ധമില്ലെന്ന് സ്വതന്ത്ര ഡിഎൻഎ പരിശോധനയിലൂടെ ദമ്പതികള്‍ തന്നെയാണ് കണ്ടെത്തിയത്. ഇവരുടെ പരാതിയെത്തുടര്‍ന്നാണ് കേന്ദ്രത്തിനെതിരായ നടപടി. 

ഇതോടെ അനധികൃത വാടക ഗർഭധാരണ കേന്ദ്രത്തില്‍ നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെല്ലാം പുറത്തുവന്നു. റെജിമെന്റൽ ബസാറിലെ യൂണിവേഴ്സൽ സൃഷ്ടി ഫെർട്ടിലിറ്റി സെന്ററിന്റെ മാനേജരായ ഡോക്ടർ നമിതയെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ കേന്ദ്രത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അനധികൃതമായാണെന്നും ബീജക്കടത്തു റാക്കറ്റ് ഉള്‍പ്പെടെ ഈ കേന്ദ്രം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും പൊലീസ് കണ്ടെത്തി. 

X, @jsuryareddy

പാവപ്പെട്ട സ്ത്രീകളെ വാടക ഗര്‍ഭധാരണത്തിലേക്ക് ആകര്‍ഷിക്കുകയും സംസ്ഥാനങ്ങള്‍ക്കിടയില്‍ അനധികൃതമായി റീപ്രോഡക്റ്റീവ് മറ്റീരിയല്‍സ് ( പ്രത്യുത്പാദന വസ്തുക്കള്‍) കൈമാറുകയും ചെയ്യുന്നുവെന്നും കണ്ടെത്തിയതായി ഹൈദരാബാദ് നോർത്ത് സോൺ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) രശ്മി പെരുമാൾ പറഞ്ഞു. 

സെക്കന്തരാബാദിൽ താമസിക്കുന്ന രാജസ്ഥാന്‍ സ്വദേശികളായ ദമ്പതികൾ പോലീസിൽ ഔദ്യോഗികമായി പരാതി നൽകിയപ്പോഴാണ് ഈ വലിയ തട്ടിപ്പ് പുറത്തുവന്നത്. കഴിഞ്ഞ വർഷം വാടക ഗർഭധാരണ നടപടിക്കായി ദമ്പതികള്‍ ക്ലിനിക്കിന് 35 ലക്ഷം രൂപ നൽകിയിരുന്നു. ഈ വർഷം കുട്ടി ജനിച്ചതിന് ശേഷം, വാടക ഗർഭധാരണത്തിലൂടെയുള്ള അമ്മയുടെ ഡിഎൻഎ പരിശോധനയ്ക്കുള്ള ആവശ്യം ഡോക്ടർ നമിത തുടർച്ചയായി വൈകിപ്പിക്കുകയായിരുന്നു. ഇതില്‍ സംശയം തോന്നിയ ദമ്പതികള്‍ 

ഡൽഹിയിൽ സ്വതന്ത്ര ഡിഎൻഎ പരിശോധന നടത്തി. കുഞ്ഞിനു തങ്ങളുമായി യാതൊരു ജനിതക ബന്ധവുമില്ലെന്ന് പരിശോധനാ ഫലത്തിലൂടെ വ്യക്തമായി. 

കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ഈ ഡിഎന്‍എ ഫലവുമായി ഡോക്ടര്‍ നമിതയെ സമീപിച്ചപ്പോള്‍ തെറ്റിദ്ധാരണ സംഭവിച്ചതായി സമ്മതിക്കുകയും പ്രശ്നം പരിഹരിക്കാന്‍ സമയം ആവശ്യപ്പെടുകയും ചെയ്തു. പിന്നാലെ ഡോക്ടര്‍ ഒളിവില്‍ പോയി. ഇതോടെയാണ് ദമ്പതികള്‍ ഗോപാലപുരം പൊലീസിനെ സമീപിച്ച് പരാതി നല്‍കിയത്. ഉടന്‍ തന്നെ പൊലീസ് യൂണിവേഴ്സൽ സൃഷ്ടി ഫെർട്ടിലിറ്റി സെന്ററിൽ രാത്രിയെത്തി റെയ്ഡ് നടത്തി. പുലരുവോളം നീണ്ട റെയ്ഡില്‍ പല സുപ്രധാന രേഖകളും കണ്ടെടുത്തു. 

ഗുജറാത്ത്, മധ്യപ്രദേശ് ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലേക്ക് ബീജവും അണ്ഡവും അനധികൃതമായി ശേഖരിച്ച് കടത്തുന്നതിൽ ക്ലിനിക്കിന് പങ്കുണ്ടെന്നും പൊലീസ് കണ്ടെത്തി. ഈ ഫെർട്ടിലിറ്റി സെന്റർ ഇന്ത്യൻ സ്പേം ടെക് എന്ന ലൈസൻസില്ലാത്ത സ്ഥാപനവുമായി സഹകരിക്കുന്നുണ്ടെന്നും പരിശോധനയിലൂടെ മനസിലായി. 

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇന്ത്യൻ സ്പേം ടെക്കിന്റെ റീജിയണൽ മാനേജരായ പങ്കജ് സോണിയെയും സമ്പത്ത്, ശ്രീനു, ജിതേന്ദർ, ശിവ, മണികണ്ഠ, ബോറോ എന്നിവരുൾപ്പെടെ പത്തുപേരെയും പോലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാനങ്ങളിലുടനീളം പ്രത്യുത്പാദന വസ്തുക്കൾ ശേഖരിക്കുന്നതിലും കയറ്റി അയക്കുന്നതിലും ഇവർ സജീവമായി പങ്കാളികളായിരുന്നുവെന്ന് വ്യക്തമായി.

വാടക ഗർഭധാരണത്തിനായി പാവപ്പെട്ട ദമ്പതികളിൽ നിന്നുപോലും 35 ലക്ഷം രൂപയിലധികം ഡോക്ടര്‍ നമിത വാങ്ങിയിരുന്നു. പ്രസവത്തിനായി ഒരു സ്ത്രീയെ ഹൈദരാബാദിൽ നിന്ന് വിമാനത്തിൽ വിശാഖപട്ടണത്തേക്ക് കൊണ്ടുവന്നതായും, ഈ സ്ത്രീക്ക് ജനിച്ച കുഞ്ഞ് വാടക ഗർഭധാരണത്തിലൂടെ തങ്ങളുടേതാണെന്ന് ഡോക്ടർ നമിത ദമ്പതികളെ വിശ്വസിപ്പിച്ചതായും അന്വേഷണത്തിലൂടെ വെളിപ്പെട്ടു. 

ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജി (റെഗുലേഷൻ) നിയമം, വാടക ഗർഭധാരണ നിയമങ്ങൾ, മറ്റ് മെഡിക്കൽ എത്തിക്സ് നിയന്ത്രണങ്ങൾ എന്നിവയുടെ ലംഘനങ്ങൾ ഉൾപ്പെടെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഈ വ്യാപകമായ ശൃംഖലയിൽ കൂടുതൽ ഫെർട്ടിലിറ്റി സെന്ററുകളും ഏജന്റുമാരും ഉൾപ്പെട്ടിട്ടുണ്ടെന്ന സംശയവും ഉദ്യോഗസ്ഥർക്കുണ്ട്. 

ENGLISH SUMMARY:

Ten people, including a doctor, have been arrested in Hyderabad after it was found that a child born through surrogacy had no genetic connection with the intended parents. The couple, who had arranged for a surrogate pregnancy through a clinic in Secunderabad, discovered through an independent DNA test that the baby was not biologically related to them. Their complaint led to action being taken against those involved in the surrogacy arrangement.