Air India pilots and cabin crew members who ensured safe delivery onboard (Photo/Air India via ANI)

30,000 അടി ഉയരത്തില്‍ ആകാശത്തുവച്ച് കുഞ്ഞിന് ജന്മം നല്‍കി തായ് യുവതി. വ്യാഴാഴ്ച എയർ ഇന്ത്യ എക്സ്പ്രസിന്‍റെ മസ്കറ്റ്- മുംബൈ വിമാനത്തിലായിരുന്നു സംഭവം. കൃത്യസമയത്ത് ഇടപെട്ട ക്യാബിന്‍ ക്രൂവിന്‍റെ പരിചരണത്തിലാണ് യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ലാന്‍ഡ് ചെയ്തതിന് പിന്നാലെ അമ്മയെയും കുഞ്ഞിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടേയും ആരോഗ്യനില തൃപ്തികരമാണ്.

മസ്കറ്റിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ മുംബൈ വഴി ബാങ്കോക്കിലേക്ക് യാത്ര ചെയ്ത യുവതിയാണ് പ്രസവിച്ചത്. വിമാനം മുംബൈയിൽ ഇറങ്ങുന്നതിന് ഏകദേശം 45 മിനിറ്റ് മുമ്പാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. വേദന അനുഭവപ്പെട്ട ഉടന്‍ തന്നെ ജീവനക്കാർ ഇടപെടുകയായിരുന്നു. വിമാനത്തിലെ യാത്രക്കാരില്‍ ഡോക്ടര്‍മാര്‍ ആരും തന്നെയില്ലായിരുന്നു. തങ്ങള്‍ക്ക് ലഭിച്ച പരിശീലനത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രസവത്തിന് അനുയോജ്യമായ അന്തരീക്ഷം ക്യാബിന്‍ ക്രൂ ഒരുക്കുകയായിരുന്നു. പൈലറ്റുമാരെ വിവരമറിയിച്ചപ്പോൾ അവർ എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെടുകയും മുംബൈയിൽ മുൻഗണനാ ലാൻഡിങിന് അനുമതി തേടുകയുമായിരുന്നു.

വിമാനം ലാൻഡ് ചെയ്തതപ്പോളേക്കും മെഡിക്കൽ സംഘവും ആംബുലൻസും വിമാനത്താവളത്തില്‍ സജ്ജമായിരുന്നു. ഉടന്‍ അമ്മയെയും നവജാതശിശുവിനെയും അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. സഹായത്തിനായി എയര്‍ലൈന്‍റെ വനിതാ ജീവനക്കാരിയും ആശുപത്രിയില്‍ അനുഗമിച്ചതായി എയർലൈൻ പറഞ്ഞു. മുതിർന്ന ക്യാബിൻ ക്രൂ സ്നേഹ നാഗ, ഫ്ലൈറ്റ് അറ്റൻഡന്റുമാരായ ഐശ്വര്യ ഷിർക്കെ, ആസിയ ഖാലിദ്, മുസ്കാൻ ചൗഹാൻ എന്നിവരാണ് പ്രസവസമയം യുവതിയെ പരിചരിച്ചത്. ക്യാപ്റ്റൻ ആശിഷ് വഗാനി, ക്യാപ്റ്റൻ ഫറാസ് അഹമ്മദ് എന്നിവരാണ് വിമാനം പറത്തിയിരുന്നത്.

അതേസമയം, ബാങ്കോക്കിലേക്കുള്ള യാത്രയ്ക്കിടെ പ്രസവത്തെ തുടര്‍ന്ന് അപ്രതീക്ഷിതമായി ഇന്ത്യയില്‍ ഇറങ്ങേണ്ടിവന്ന യുവതിയുടെ തുടര്‍ന്നുള്ള യാത്രക്കായി രേഖകൾ തയ്യാറാക്കേണ്ടതുണ്ട്. യുവതിക്കും കുഞ്ഞിനും ഇന്ത്യന്‍ വീസ ആവശ്യമായി വരും. കുഞ്ഞുങ്ങൾക്ക് എയർലൈനുകള്‍ ഏർപ്പെടുത്തിയ പ്രായപരിധി കാരണം അമ്മയ്ക്കും കുഞ്ഞിനും കുറച്ചു ദിവസം ഇന്ത്യയില്‍ തുടരേണ്ടി വരും. തുടര്‍ന്നുള്ള യാത്രയ്ക്ക് നവജാതശിശുവിനും പാസ്‌പോർട്ട് ആവശ്യമാണ്.

ENGLISH SUMMARY:

A Thai woman gave birth to a baby boy mid-air on an Air India Express flight from Muscat to Mumbai, approximately 30,000 feet above the ground. The incident occurred 45 minutes before landing. With no doctors onboard, the trained cabin crew led by Sneha Nag successfully assisted the delivery. Upon landing, the mother and baby were taken to a nearby hospital and are reported to be in stable condition. The woman was en route to Bangkok via Mumbai and will now require additional documents and an Indian visa for herself and the newborn.