Untitled design - 1

ഒപ്പം വരാന്‍ അമ്മ സ്വപ്‌നത്തില്‍ വന്ന് പറഞ്ഞുവെന്ന് ആത്മഹത്യാകുറിപ്പെഴുതിയ ശേഷം 16കാരന്‍ ജീവനൊടുക്കി. മഹാരാഷ്ട്രയിലെ സോലാപൂരിലാണ് സംഭവം.  അമ്മാവന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് ശിവ്ശരണ്‍ ഭൂട്ടാലി എന്ന വിദ്യാര്‍ഥിയെ കണ്ടെത്തിയത്. സോലാപൂര്‍ സിറ്റി പൊലീസ് സംഭവത്തില്‍ കേസെടുത്തു.

സ്വപ്‌നത്തില്‍ അമ്മ വന്ന് വിളിച്ചതിനാല്‍ കൂടെ പോകുകയാണെന്ന് എഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. അമ്മ മരിച്ചപ്പോള്‍ തന്നെ താനും ഒപ്പം പോവേണ്ടതായിരുന്നുവെന്നും, ജീവിക്കാന്‍ ആഗ്രഹമില്ലാത്തത് കൊണ്ടാണ് മരിക്കാന്‍ തീരുമാനിച്ചതെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. 

മാസങ്ങള്‍ക്ക് മുമ്പ് മഞ്ഞപ്പിത്തം വന്നാണ് ശിവ്ശരണിന്റെ അമ്മ മരിച്ചത്. നന്നായി പഠിച്ചിരുന്ന ശിവ്ശരണ്‍ ഡോക്ടറാകണമെന്ന ആഗ്രഹം പൂര്‍ത്തീകരിക്കാതെയാണ്  യാത്രയായത്. ശിവ്ശരണിന് എസ്എസ്എല്‍സിക്ക്  92 ശതമാനം മാര്‍ക്കുണ്ടായിരുന്നു. നീറ്റ് പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നതിനിടയിലാണ് അമ്മ മരിച്ചതും കുട്ടി മാനസികമായി തകര്‍ന്നതും. 

മുത്തശ്ശിയെയും അമ്മാവനെയും ഓര്‍ത്തത് കൊണ്ട് മാത്രമാണ് ഇത്രയും മാസം മരിക്കാതെ പിടിച്ചുനിന്നതെന്നും കുറിപ്പില്‍ പറയുന്നു. അനിയത്തിയെ നന്നായി നോക്കണമെന്ന അപേക്ഷയോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.