അടുത്ത ഉപരാഷ്ട്രപതി ബി.ജെ.പി.യിൽ നിന്ന് തന്നെയായിരിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ. പാർലമെന്ററി പരിചയമുള്ള ഒരാളെയാകും ഈ സ്ഥാനത്തേക്ക് നിയോഗിക്കുക. മറ്റ് പാർട്ടി നേതാക്കളെ ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നില്ലെന്നും ബി.ജെ.പി. വൃത്തങ്ങൾ സൂചന നല്‍കി.
കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, ജെ.പി. നഡ്ഡ എന്നിവരുടെ പേരുകൾ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് നേരത്തെ ഉയർന്നു വന്നിരുന്നു. മുൻ കേരള ഗവർണറും നിലവിൽ ബിഹാർ ഗവർണറുമായ ആരിഫ് മുഹമ്മദ് ഖാന്റെ പേരും പരിഗണനയിലുണ്ടായിരുന്നു. കഴിഞ്ഞ തവണ രാഷ്ട്രപതി സ്ഥാനത്തേക്കുള്ള സാധ്യത പട്ടികയിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന വ്യക്തിയാണ് ആരിഫ് മുഹമ്മദ് ഖാൻ. ബിഹാർ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജെ.ഡി.യു. നേതാക്കളും നിതീഷ് കുമാറിനെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്ന് സൂചിപ്പിച്ചിരുന്നു.
എന്നാൽ, ബി.ജെ.പി. വൃത്തങ്ങൾ ഇപ്പോൾ പറയുന്നത്, പാർട്ടി നയങ്ങളോട് പൂർണ്ണമായി ചേർന്നുനിൽക്കുന്ന, പാർലമെന്ററി പരിചയമുള്ള ഒരാൾ തന്നെയായിരിക്കും അടുത്ത ഉപരാഷ്ട്രപതി എന്നാണ്. അങ്ങനെയാണെങ്കിൽ രാജ്‌നാഥ് സിംഗിനോ ജെ.പി. നഡ്ഡയ്ക്കോ സാധ്യതയുണ്ട്. പ്രധാനമന്ത്രി വിദേശത്തുനിന്ന് മടങ്ങിയെത്തിയ ശേഷം, ശനിയാഴ്ചയോടെയായിരിക്കും ഈ വിഷയത്തിൽ അന്തിമ തീരുമാനം ഉണ്ടാകുക.