തെറി എന്ന് പറഞ്ഞാല്‍ കേട്ടാലറയ്ക്കുന്ന തെറി. കുട്ടിക്കാലത്ത് അയ്യേ എന്ന് പറഞ്ഞിരുന്നതും പിന്നീട് മുതിര്‍ന്നപ്പോള്‍ നിത്യജീവിതത്തിന്‍റെ ഭാഗവുമായിട്ടുണ്ടാവണം ചിലര്‍ക്ക് തെറി. രോഷം പ്രകടിപ്പിക്കാനും, അസഭ്യം പറയാനും എന്തിന് സൗഹൃദത്തിന് വരെ തെറി വാക്കുകള്‍ ഉപയോഗിക്കുന്ന കാലമാണ്. ആധുനിക കാലത്തില്‍ പണ്ടത്തെക്കാളും പതിന്‍മടങ്ങ് തെറി ഉപയോഗം വര്‍ധിച്ചിട്ടുണ്ട്. ഇന്‍റര്‍നെറ്റിന്‍റെയും സമൂഹമാധ്യമങ്ങളുടെയും വരവോടെ പുതിയ തെറികളും ദിനംപ്രതി ഉടലെടുത്തുകൊണ്ടിരിക്കുകയാണ്.
ഇതിനിടെയാണ് ഇന്ത്യയില്‍ ഏറ്റവും അസഭ്യവും തെറിയും പറയുന്ന സംസ്ഥാമേതെന്ന ഒരു സര്‍വേയുടെ ഫലം പുറത്തുവരുന്നത്. പത്തു വര്‍ഷം നീണ്ട കാംപെയിന് പിന്നില്‍ പ്രൊഫസറും ആക്ടിവിസ്റ്റുമായ സുനില്‍ ജഗ്‌ലാനാണ്. ഇന്ത്യയില്‍ പരക്കെ ഗ്രാമങ്ങളിലും നഗരങ്ങളിലുമായി അസഭ്യം കേള്‍ക്കാനായി പ്രൊ.ജഗ്‍ലാന്‍ അലഞ്ഞു. ഓട്ടോറിക്ഷ തൊഴിലാളികളും വിദ്യാര്‍ഥികളും വീട്ടമ്മമാരും ഓഫീസ് ജീവനക്കാരും രാഷ്ട്രീയക്കാരുമെല്ലാം സര്‍വേയുടെ ഭാഗമായി. 70,000 പേരെയാണ് സര്‍വേയുടെ ഭാഗമാക്കിയത്. ഇന്ത്യയില്‍ അസഭ്യം പറയുന്നത് എത്ര സാധാരണമാണ്. എങ്ങനെയാണ് ആളുകള്‍ അസഭ്യത്തിനോട് പ്രതികരിക്കുന്നത്. കുടുംബത്തിനകത്ത് അസഭ്യം പറയുന്ന രീതി എങ്ങനെയാണ് എന്നതടക്കം പഠനത്തിന്‍റെ ഭാഗമാക്കി.
സര്‍വേ പ്രകാരം ഇന്ത്യയില്‍ ഏറ്റവും അസഭ്യം പറയുന്നത് തലസ്ഥാനമായ ഡല്‍ഹിയിലെ ജനതയാണ്. ഏറ്റവും കൂടുതല്‍ പേര്‍ അസഭ്യത്തിനായി ഉപയോഗിക്കുന്നത് അമ്മയ്ക്കും സഹോദരിക്കും എതിരായ മോശമായ പദപ്രയോഗങ്ങളാണ്. 80 ശതമാനം ഡല്‍ഹിക്കാരും നല്ല ഒന്നാന്തരം അസഭ്യവര്‍ഷം നടത്താന്‍ കെല്‍പ്പുള്ളവരാണ്. ഇത് കൂടാതെ ഡല്‍ഹിക്കാര്‍ നല്ല താളബോധത്തിലും തെറി പറയുന്നുണ്ടെന്നും വ്യക്തമായി.
പഞ്ചാബാണ് അസഭ്യം പറയുന്നതില്‍ രണ്ടാം സ്ഥാനത്തുള്ളത്. എന്നാല്‍ ഡല്‍ഹിയില്‍ നിന്ന് വ്യത്യസ്തമായി സ്നേഹത്തോടെ തെറി പറയുന്നവരാണ് പഞ്ചാബുകാര്‍. മാത്രമല്ല കുടുംബത്തിനകത്തും തെറി ഇവിടെ സാധാരണമാണ്. 78 ശതമാനം ആളുകളെ ദിവസേന തെറി പറയുന്നവരാണ്.
ഉത്തര്‍ പ്രദേശാണ് മൂന്നാം സ്ഥാനത്ത്. എന്തിനും ഏതിനും തെറി പറയുന്നവരാണ് യുപിക്കാര്‍. യുപിയില്‍ തെറി ഒരു സംസ്കാരം തന്നെയാണ്. രാഷ്ട്രീയവേദികളില്‍ പരസ്യമായി അസഭ്യം പറയുന്നതും യുപിയില്‍ സാധാരണമാണ്. തുടര്‍ന്ന് ബിഹാര്‍, രാജസ്ഥാന്‍, ഹരിയാന, മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തരാഘണ്ഡ്, കശ്മീര്‍, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവരാണ് തെറി പട്ടികയില്‍ ആദ്യ 12ല്‍ ഉള്ളത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ പട്ടികയില്‍ ഏറെ താഴെയാണ്.
കണക്കുകള്‍ പ്രകാരം 80 ശതമാനം പുരുഷന്‍മാരും നന്നായി തെറി പറയുന്നവരാണ്, 30 ശതമാനം സ്ത്രീകള്‍ തെറി പറയുന്നു. എന്നാല്‍ 20 ശതമാനം കുട്ടികളും തെറി പറയുന്നെന്നും സര്‍വേ പറയുന്നുണ്ട്. ഏറ്റവും കൂടുതല്‍ അസഭ്യം നടക്കുന്നത് റോഡുകളിലാണ്. എന്നാല്‍ ഇത്തരം അസഭ്യ പ്രയോഗങ്ങള്‍ ഒന്നോ രണ്ടോ വാക്കില്‍ ഒതുങ്ങും എന്നും സര്‍വേ പറയുന്നു.