മഹാ ശിവരാത്രിയോടനുബന്ധിച്ച് സർവകലാശാലയിലെ കാന്റീനില്‍ മാംസാഹാരം നൽകിയതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ പങ്കെടുത്തതിന് ബംഗ്ലാദേശ് വിദ്യാർത്ഥിയെ സൗത്ത് ഏഷ്യൻ യൂണിവേഴ്സിറ്റിയിൽ നിന്ന് പുറത്താക്കി. സംഭവത്തിൽ ഭക്ഷണശാല സെക്രട്ടറിയായ വിദ്യാർത്ഥിക്ക് 5000 രൂപ പിഴയും വിധിച്ചതായി സർവകലാശാല അധികൃതർ വെള്ളിയാഴ്ച അറിയിച്ചു.
ഫെബ്രുവരി 26നാണ് സംഭവത്തെത്തുടര്‍ന്ന് വിദ്യാർത്ഥി സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. എസ്എഫ്ഐയും എബിവിപിയും തമ്മില്‍ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചതിനു പിന്നാലെയാണ് ഏറ്റുമുട്ടലുണ്ടായത്. എബിവിപി ആഹാരശീലങ്ങള്‍ക്കുമേല്‍ നിയന്ത്രണം വയ്ക്കുകയാണെന്നും മനപൂര്‍വം സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുകയാണെന്നും എസ്എഫ്ഐ ആരോപിച്ചു. അതേസമയം മഹാശിവരാത്രി ദിനത്തില്‍ മാസം വിളമ്പിയത് ദുരുദ്ദേശ്യത്തോടെയായിരുന്നെന്നും ഒരു വിഭാഗത്തിന്റെ വിശ്വാസത്തെ തള്ളിപ്പറയുന്ന നടപടിയാണെന്നും എബിവിപിയും ആരോപിച്ചു.
വിദ്യാര്‍ഥിസംഘടനകള്‍ തമ്മില്‍ ഏറ്റുമുട്ടുന്നെന്ന സൂചനയെത്തുടര്‍ന്ന് പൊലീസ് അന്ന് സ്ഥലത്തെത്തിയെങ്കിലും അവസ്ഥ ശാന്തമായിരുന്നു. സര്‍വകലാശാലക്കുള്ളില്‍ തന്നെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടതായും അപ്പോള്‍ റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ ഇതിനു ശേഷം യൂണിവേഴ്സിറ്റി പ്രോട്ടോക്കോള്‍ കമ്മിറ്റി നടത്തിയ അന്വേഷണത്തിലാണ് പുതിയ നടപടി. സര്‍വകലാശാലയുടെ നിയമങ്ങള്‍ മറികടന്നുള്ള പെരുമാറ്റമാണ് ബംഗ്ലാദേശ് വിദ്യാര്‍ഥി സുദിപ്തോ ദാസില്‍ നിന്നുണ്ടായതെന്നാണ് കമ്മിറ്റിയുടെ കണ്ടെത്തല്‍. പല സംഭവങ്ങളില്‍ നിന്നായുള്ള റിപ്പോര്‍ട്ടാണിതെന്നും വിശദീകരണം.
വിദ്യാര്‍ഥിയെ സര്‍വകലാശാലയില്‍ നിന്നും ഉടനടി പുറത്താക്കാനും 24 മണിക്കൂറിനകം ഹോസ്റ്റലില്‍ നിന്നൊഴിപ്പിക്കാനും കമ്മിറ്റി തീരുമാനിച്ചു. മാത്രമല്ല ഇനിയേതെങ്കിലും കോഴ്സുകള്‍ക്ക് സര്‍വകലാശാലയില്‍ അപേക്ഷ നല്‍കുന്നതില്‍ നിന്നുള്‍പ്പെടെ സുദിപ്തോയെ തടഞ്ഞു. 2022ല്‍ മറ്റൊരു സംഭവത്തില്‍ സുദിപ്തോയെ സസ്പെന്‍ഡ് ചെയ്തതുള്‍പ്പെടെ പരാമര്‍ശിച്ചാണ് പുറത്താക്കിയത്.