ഫയല്‍ ചിത്രം.
ഇന്ത്യ തേടുന്ന കൊടുംഭീകരന്‍ ജയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹര്‍ ബഹവൽപൂരിലെ ഭീകരതാവളത്തില്‍ നിന്നും മുങ്ങിയതായി റിപ്പോര്‍ട്ട്. പാക്ക് അധീന കശ്മീരിലെ ഗിൽജിത്-ബാൾട്ടിസ്ഥാൻ മേഖലയിലാണ് ഇന്‍റലിജന്‍സ് വിഭാഗം ഇയാളുടെ പുതിയ ലൊക്കേഷന്‍ ട്രാക്ക് ചെയ്തത്. ജയ്ഷെ മുഹമ്മദിന്‍റെ ശക്തികേന്ദ്രമായ ബഹവൽപൂരില്‍ നിന്നും 1,000 കിലോമീറ്റർ അകലെയാണ് മസൂദ് അസ്ഹര്‍ നിലവിലുള്ളതെന്നാണ് വിവരം.
മസൂദ് അസ്ഹറിനെ കണ്ട സദ്പാര റോഡ് മേഖലയിലെ സ്കാർഡു എന്നയിടം വിനോദ സഞ്ചാരകേന്ദ്രമെന്ന നിലയ്ക്ക് പ്രസിദ്ധമാണ്. ഇവിടെ രണ്ട് മസ്ജിദുകളും അനുബന്ധ മദ്രസകളും ഒന്നിലധികം സ്വകാര്യ, സർക്കാർ ഗസ്റ്റ് ഹൗസുകളും ഉണ്ടെന്നാണ് വിവരം. അധികം ആളറിയാത്ത ഒതുങ്ങിയ ജീവിതമാണ് മസൂദ് അസ്ഹര്‍ നയിക്കുന്നതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
ജെയ്ഷെയുടെ ആസ്ഥാനമായ ജാമിയ സുബ്ഹാൻ അല്ലായും നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ജാമിയ ഉസ്മാൻ ഒ അലി എന്ന മസ്ജിദുമാണ് ബഹാവല്‍പൂരിലെ ജെയ്ഷ മുഹമ്മദിന്‍റെ രണ്ട് പ്രധാന കേന്ദ്രങ്ങള്‍. ഓപ്പറേഷൻ സിന്ദൂരത്തിനിടെ ഇന്ത്യ ജാമിയ സുബ്ഹാനില്‍ നടത്തിയ ആക്രമണത്തില്‍ മസൂദ് അസ്ഹറിന്‍റെ പത്ത് കുടുംബാംഗങ്ങളാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ ഇയാള്‍ ബഹാവല്‍പൂര്‍ വിട്ടതാകാം എന്നാണ് അനുമാനം.
മസൂദ് അസ്ഹറിന്‍റെ നീക്കങ്ങൾ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഇതിനെ തടസപ്പെടുത്താനായി മസൂദിന്‍റെ പ്രസംഗങ്ങളുടെ പഴയ ഓഡിയോ ക്ലിപ്പുകൾ പ്രചരിപ്പിച്ച് ഇയാള്‍ ബഹവൽപൂരില്‍ തുടരുന്നതായി ജെയ്ഷെ പ്രചാരണം നടത്തിയിരുന്നു. ഇന്ത്യയ്ക്കെതിരെ പാക്ക് ഭീകരര്‍ നടത്തിയ പല ആക്രമണങ്ങളുടെയും സൂത്രധാരന്‍ മസൂദ് അസ്ഹറായിരുന്നു. 2016 െല പഠാന്‍കോട്ട് എയര്‍ബേസ് ആക്രമണവും 2019 ലെ പുല്‍വാമ ഭീകരാക്രമണവും മസൂദ് അസറിന്‍റെ നേതൃത്വത്തിലായിരിന്നു നടപ്പാക്കിയത്.
മസൂദ് അസ്ഹറിനെ ബഹവൽപൂരിൽ നിന്ന് മാറ്റുന്നത് ഇതാദ്യമല്ല. 2019 ബാലാകോട്ട് വ്യോമാക്രമണത്തിന് ശേഷം ബഹവൽപൂരിൽ നിന്നും പെഷവാറിലേക്ക് മസൂദ് പ്രവര്‍ത്തനം മാറ്റിയിരുന്നു. മസൂദ് അസറിനെ കൂടാതെ ഹിസ്ബുൾ മുജാഹിദ്ദീൻ തലവനുമായ സയ്യിദ് സലാഹുദ്ദീൻ ഇസ്‍ലാമാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കരുതുന്നത്.
അസ്ഹർ അഫ്ഗാനിസ്ഥാനിലുണ്ടാകുമെന്ന് പാക്കിസ്ഥാൻ മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരി അടുത്തിടെ പറഞ്ഞതിന് പിന്നാലെയാണ് ഈ കണ്ടെത്തല്‍. പാക്ക് മണ്ണിൽ നിന്നും മസൂദിനെ കണ്ടെത്തിയാൽ ഇയാളെ പാക്കിസ്ഥാന്‍ തന്നെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.