ഏത് നിമിഷവും ആക്രമണം നടത്താൻ നിരവധി ചാവേറുകൾ തയ്യാറാണെന്ന ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്‍റെ ഓഡിയോ സന്ദേശം പുറത്ത്. ആയിരത്തിലധികം ചാവേർ ബോംബർമാർ തയ്യാറാണെന്നും ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ തങ്ങളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അവര്‍ തന്നില്‍ സമ്മർദ്ദം ചെലുത്തുന്നതായും പുറത്തുവന്ന റെക്കോര്‍ഡിങില്‍ മസൂദ് അസ്ഹര്‍ പറയുന്നു. തന്റെ സംഘത്തിലെ പോരാളികളുടെ എണ്ണം പരസ്യമാക്കിയാൽ ലോകം തന്നെ ഞെട്ടുമെന്ന സൂചനയും ഓഡിയോയിലുണ്ട്.
‘ഈ ചാവേറുകള്‍ ഒന്നല്ല, നൂറല്ല, ആയിരമല്ല... എത്രയുണ്ടെന്ന് ഞാന്‍ പറഞ്ഞാല്‍ അത് നാളെ ലോക മാധ്യമങ്ങളിൽ സ്ഫോടനം സൃഷ്ടിക്കും. ആക്രമണങ്ങൾ നടത്താനും അവരുടെ ലക്ഷ്യത്തിന് വേണ്ടി ‘രക്തസാക്ഷിത്വം’ വരിക്കാനും അവര്‍ തയ്യാറാണ്’, പുറത്തുവന്ന ഓഡിയോയില്‍ മസൂദ് പറയുന്നതായി കേള്‍ക്കാം. അതേസമയം, ഓഡിയോ റെക്കോർഡിങിന്റെ തീയതിയോ ആധികാരികതയോ ഇതുവരെ സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല.
വർഷങ്ങളായി ഇന്ത്യയ്‌ക്കെതിരെ പ്രകോപനപരമായ പ്രസ്താവനകൾ നടത്തിവരികയാണ് മസൂദ് അസ്ഹര്‍. 2001 ലെ പാർലമെന്റ് ആക്രമണം, 2008 ലെ മുംബൈ ആക്രമണം എന്നിവയുൾപ്പെടെ നിരവധി ആക്രമണങ്ങളുടെ സൂത്രധാരന്‍ കൂടിയാണിയാള്‍. പഹല്‍ഗം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ സായുധാക്രമണം ഓപ്പറേഷൻ സിന്ദൂരില്‍ മസൂദ് അസ്ഹറിന്‍റെ പത്ത് കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
മാത്രമല്ല, 15 പേരുടെ മരണത്തിനിടയായ ഡൽഹി സ്ഫോടനത്തിലെ പ്രതിയായ ഉമർ മുഹമ്മദിന് പാകിസ്ഥാൻ ആസ്ഥാനമായുള്ള മസൂദ് അസ്ഹറിന്‍റെ ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് ഡൽഹി പൊലീസ് പറയുന്നുണ്ട്. ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിച്ച മസൂദ് അസ്ഹര്‍ 2019 മുതൽ പൊതുയിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല.