monsoon-session-india-bloc-opposition-strategy

TOPICS COVERED

പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തില്‍ സര്‍ക്കാരിനെതിരെ ശക്തമായ നിലപാടെടുക്കാന്‍ പ്രതിപക്ഷം. ഇന്ത്യ സഖ്യ യോഗം വെള്ളിയാഴ്ച വിളിക്കാന്‍ നീക്കം. കോണ്‍ഗ്രസ് സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഇന്ത്യ സഖ്യ പാര്‍ട്ടി അധ്യക്ഷന്‍മാരുമായി സംസാരിച്ചു. വര്‍ഷകാല സമ്മേളനത്തില്‍  ഗൗരവതരമായ വിഷയങ്ങൾ വരാനിരിക്കെ ഉടന്‍ യോഗം വിളിക്കണമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ മനോരമ ന്യൂസിനോട് പറഞ്ഞു

പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍, വോട്ടര്‍ പട്ടിക പരിഷ്കരണം, അഹമ്മദാബാദ് വിമാനാപകടം, ഭാഷ വിവാദം  രാജ്യത്തെ ഞെട്ടിച്ച നിരവധി സംഭവവികാസങ്ങളിലൂടെ കടന്നുപോകുന്നതിനിടെയാണ് പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം ആരംഭിക്കാന്‍ പോകുന്നത്.സര്‍ക്കാരിന്‍റെ വീഴ്ചകളും പരാജയവും തുറന്നുകാട്ടാന്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തേണ്ടത് അനിവാര്യമാണ്.

എന്നാല്‍ ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം ചിതറിപോയിരിക്കുകയാണ് ഇന്ത്യ സഖ്യം. അതിനെ വീണ്ടും ശക്തമാക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. വെള്ളിയാഴ്ച യോഗം വിളിക്കാനുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസ് സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്‍റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നുണ്ട്.

ഇന്ത്യ സഖ്യ പാര്‍ട്ടികള്‍ക്കിടയില്‍ ആശയവിനിമയം നടക്കുന്നുണ്ടെങ്കിലും യോഗം വിളിക്കുന്നതില്‍ അന്തിമ തീരുമാനമായിട്ടില്ല. യോഗം  വിളിച്ചാല്‍ തന്നെ എഎപിയും ടിഎംസിയും പങ്കെടുക്കുമോ എന്നതില്‍  ഉറപ്പില്ല. അങ്ങനെ വന്നാല്‍ പ്രതിപക്ഷത്തില്‍ ഭിന്നത എന്ന സൗഹചര്യം സമ്മേളനത്തിന് തൊട്ടുമുന്പ് വരുമോ എന്നതാണ് കോണ്‍ഗ്രസിന്റെ ആശങ്ക. 

ENGLISH SUMMARY:

Opposition parties in India are gearing up to take a strong stance against the government during the upcoming Monsoon Session of Parliament. Efforts are underway to convene a meeting of the INDIA bloc on Friday. Congress General Secretary (Organization) K.C. Venugopal has reportedly spoken with presidents of INDIA bloc parties. CPI General Secretary D. Raja emphasized the need for an immediate meeting given the serious issues expected to arise during the session