പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ട നാവികസേനാ ഉദ്യോഗസ്ഥന്‍ വിജയ് നര്‍വാളിന് അന്ത്യാഭിവാദ്യം നല്‍കുന്ന കുടുംബാംഗങ്ങള്‍
പഹല്‍ഗാമില്‍ 26 പേരെ വെടിവച്ചുകൊന്നത് പാക്കിസ്ഥാനിലെ രാഷ്ട്രീയ–സൈനിക നേതൃത്വങ്ങളുടെ നിര്‍ദേശപ്രകാരമെന്ന് റിപ്പോര്‍ട്ട്. ഐഎസ്ഐയും ലഷ്കറെ തയിബയും ചേര്‍ന്നാണ് അതീവരഹസ്യമായി ആക്രമണം ആസൂത്രണം ചെയ്തത്. വിവരം ചോരാതിരിക്കാന്‍ പാക്കിസ്ഥാനില്‍ നിന്നുള്ള ഭീകരരെ മാത്രമേ ആസൂത്രണത്തിലും ആക്രമണത്തിലും പങ്കെടുപ്പിച്ചുള്ളുവെന്നും പ്രതിരോധവൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരുടെ രേഖാചിത്രം
മുംബൈ ഭീകരാക്രമണത്തിന് സമാനമായിരുന്നു പഹല്‍ഗാം ആക്രമണത്തിന്‍റെ ആസൂത്രണവും പരിശീലനവും നടപ്പാക്കലും. ജമ്മുകശ്മീരിലോ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലോ ഉള്ള ഭീകരരെ വിവരമറിയിക്കുകയോ പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയോ ചെയ്യരുതെന്ന് ഐഎസ്ഐ ലഷ്കര്‍ കമാന്‍ഡര്‍ സാജിദ് ജട്ടിന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ജമ്മു–കശ്മീരില്‍ നേരത്തേ നുഴഞ്ഞുകയറിയ പാക്കിസ്ഥാനി ഭീകരരെയാണ് ആക്രമണം നടത്താന്‍ തിരഞ്ഞെടുത്തത്. പ്രാദേശിക സഹായം തേടരുതെന്ന് ഇവരോടും നിര്‍ദേശിച്ചിരുന്നു.
പാക്കിസ്ഥാന്‍ സ്പെഷല്‍ ഫോഴ്സസ് കമാന്‍ഡോ ആയിരുന്ന ലഷ്കറെ തയിബ ഭീകരന്‍ സുലൈമാനെയാണ് ആക്രമണത്തിന്‍റെ ചുമതല ഏല്‍പ്പിച്ചത്. 2022ലാണ് ആയുധങ്ങളുമായി സുലൈമാന്‍ നിയന്ത്രണരേഖ കടന്ന് കശ്മീരിലെത്തിയത്. പാക്കിസ്ഥാനില്‍ നിന്നുതന്നെ നുഴഞ്ഞുകയറിയ മറ്റ് രണ്ട് ഭീകരരെക്കൂടി സംഘത്തില്‍ ഉള്‍പ്പെടുത്തി. 2023 ഏപ്രിലില്‍ പൂഞ്ചില്‍ സൈനിക ട്രക്കിനുനേരെ ആക്രമണം നടത്തിയത് സുലൈമാന്‍ ആയിരുന്നു. ഇതില്‍ അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചു. അതിനുശേഷം സുരക്ഷാഏജന്‍സികളുടെ കണ്ണില്‍പ്പെടാതെ മാറിനിന്ന സുലൈമാന്‍ രണ്ടുവര്‍ഷത്തിനുശേഷം പഹല്‍ഗാമിലാണ് പ്രത്യക്ഷപ്പെട്ടത്.
ബൈസരണ്‍ വാലിയിലെ ഭീകരാക്രമണത്തിനുശേഷമുള്ള ദൃശ്യം
ഏപ്രില്‍ 22ന് വിനോദസഞ്ചാരികള്‍ തിങ്ങി നിറഞ്ഞ പഹല്‍ഗാമിലെ ബൈസരണ്‍ താഴ്‌വരയില്‍ സുലൈമാനും മറ്റുരണ്ട് ഭീകരരും ചേര്‍ന്ന് കൊന്നുതള്ളിയത് 26 പേരെ. ഒരാളൊഴികെ എല്ലാവരും ഹിന്ദുക്കളായ പുരുഷന്മാര്‍. പേരും മതവും ചോദിച്ചാണ് ഭീകരര്‍ വെടിവച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞിരുന്നു. സാറ്റലൈറ്റ് ഫോണ്‍ ഡേറ്റ വിശകലനം ചെയ്തപ്പോള്‍ ഏപ്രില്‍ 15 നുതന്നെ സുലൈമാന്‍ ബൈസരണ്‍ താഴ്‍വരയ്ക്കടുത്തുള്ള ത്രാല്‍ വനത്തിലുണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചു. ആക്രമണത്തിന് ഒരാഴ്ച മുന്‍പുതന്നെ ഭീകരര്‍ ഇവിടെയെത്തിയിരുന്നുവെന്ന് ചുരുക്കം.
ആക്രമണത്തിനുശേഷം മൂന്ന് ഭീകരരും രക്ഷപെട്ടു. കശ്മീരിലുള്ള പാക്കിസ്ഥാനി ഭീകരരായ ഹാഷിം മൂസ, അലി ഭായി എന്നിവരുടെ പങ്കിനെക്കുറിച്ച് പൊലീസ് വിശദമായി അന്വേഷിച്ചെങ്കിലും ഉറപ്പിക്കാനായില്ല. ആക്രമണം നടത്തിയവരെ സഹായിച്ചെന്ന് കരുതുന്ന കശ്മീരി ഭീകരന്‍ ആദില്‍ ഹുസൈന്‍ തോക്കറുടെ യഥാര്‍ഥ റോളിനെക്കുറിച്ചും വ്യക്തതയില്ല. ഭീകരര്‍ക്ക് ഭക്ഷണവും താമസിക്കാന്‍ സ്ഥലവും നല്‍കിയ രണ്ടുപേരെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ പണം വാങ്ങിയാണ് സഹായം നല്‍കിയതെന്നും ആക്രമണപദ്ധതിയെക്കുറിച്ച് അറിവില്ലായിരുന്നുവെന്നുമാണ് നിഗമനം.
ഓപ്പറേഷന്‍ സിന്ദൂറിന്‍റെ വിശദാംശങ്ങള്‍ നല്‍കുന്ന വിദേശകാര്യസെക്രട്ടറിയും സൈനിക ഉദ്യോഗസ്ഥരും
പഹല്‍ഗാം ആക്രമണത്തിനുപിന്നാലെ ഇന്ത്യ പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ക്കുനേരെ അതിശക്തമായ ആക്രമണം നടത്തി. സുലൈമാന് പരിശീലനം നല്‍കിയ മുരിദ്കെയിലെ ലഷ്കറെ തയിബ ആസ്ഥാനമടക്കം ‘ഓപ്പറേഷന്‍ സിന്ദൂറി’ല്‍ തകര്‍ന്നു. ഈ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട പാക് ഭീകരരുടെ കബറടക്കത്തില്‍ പാക്കിസ്ഥാന്‍ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തിരുന്നു. ഇവരുടെ വിവരങ്ങള്‍ ഇന്ത്യ പുറത്തുവിട്ടിട്ടുണ്ട്.