സവര്‍ക്കറെ കുറിച്ച് പഠിച്ച് സ്വയം ബോധവാനാകാന്‍ കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയോട് നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ട് എത്തിയ ഹര്‍ജി തള്ളി ബോംബെ ഹൈക്കോടതി. അഭിനവ് ഭാരത് കോൺഗ്രസ് എന്ന സംഘടനയുടെ സ്ഥാപകനും പ്രസിഡന്‍റുമായ പങ്കജ് കുമുദ്ചന്ദ്ര ഫഡ്‌നിസ് ആണ് ഹര്‍ജിക്കാരന്‍. സവർക്കറിനെക്കുറിച്ച് ഗവേഷകനാണെന്നാണ് ഫഡ്‌നിസ് കോടതിയില്‍ അവകാശപ്പെട്ടത്.
സവർക്കറെക്കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ പക്വതയില്ലാത്തതും നിരുത്തരവാദപരവുമായ പ്രസ്താവനകൾ വളരെയധികം ആശയക്കുഴപ്പം സൃഷ്ടിക്കുന്നു എന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ചീഫ് ജസ്റ്റിസ് അലോക് അരാധേ, ജസ്റ്റിസ് സന്ദീപ് മര്‍നെ എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്. വ്യക്തിപരമായി പഠിക്കാനും വായിക്കാനും അദ്ദേഹത്തോട് നിർദ്ദേശിക്കണമെന്ന അപേക്ഷ എങ്ങനെ പരിഗണിക്കുമെന്നാണ് കോടതി ഹര്‍ജികാരനോട് ചോദിച്ചത്.
പ്രതിപക്ഷ നേതാവായ അദ്ദേഹം സംശയങ്ങളുണ്ടാക്കുന്നു. അദ്ദേഹം പ്രധാനമന്ത്രിയായാല്‍ അതൊരു ദുരന്തമായിരിക്കും എന്നായിരുന്നു ഹര്‍ജികാരന്‍റെ മറുപടി. 'ഞങ്ങൾക്കറിയില്ല. അദ്ദേഹം പ്രധാനമന്ത്രിയാകുമെന്ന് നിങ്ങൾക്കറിയാമോ?' എന്നായിരുന്നു കോടതിയുടെ മറുചോദ്യം. ഹര്‍ജി തള്ളിയ ബെഞ്ച് ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ ഹരജിക്കാരന് നിയമപരമായ മാർഗമുണ്ടെന്നും ചൂണ്ടിക്കാട്ടി.
ഇതേവിഷയത്തില്‍ സവര്‍ക്കാറുടെ പേരക്കുട്ടി പൂനെയിലെ ഒരു മജിസ്ട്രേറ്റ് കോടതിയില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്നും കോടതി പറഞ്ഞു.