ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയുള്‍പ്പെടെ സഞ്ചരിച്ച ആക്സിയം നാല് ദൗത്യത്തിന്റെ മടക്കയാത്ര തുടങ്ങി. 4.50ന് രാജ്യാന്തബഹിരാകാശ നിലയത്തില്‍ നിന്ന് സ്പേസ് എക്സിന്റെ ഡ്രാഗണ്‍ ഗ്രേസ് പേടകം വേര്‍പെട്ടു . നാളെ വൈകീട്ട് മൂന്നിന് കലിഫോര്‍ണിയ തീരത്തിനടുത്ത് പസഫിക് സമുദ്രത്തിലാണ് സ്പ്ളാഷ് ഡൗണ്‍.
ഉച്ചയ്ക്ക് 2.37ന് സ്പേസ് എക്സിന്റെ ഡ്രാഗണ്‍ ഗ്രേസ് പേടകത്തിന്റെ ഹാച്ചിങ് ക്ലോഷര്‍ പ്രക്രിയ പൂര്‍ത്തിയായി. ചില സാങ്കേതിക കാരണങ്ങളാല്‍ നിശ്ചയിച്ചതിലും പത്ത് മിനിറ്റ് വൈകി നാല് 50നാണ് ഡ്രാഗണ്‍ പേടകം ബഹിരാകാശ നിലയത്തില്‍ നിന്ന് വേര്‍പ്പെട്ടത്. ശുഭാംശുവിന് പുറമെ മിഷന്‍ കമാന്‍ഡര്‍ പെഗ്ഗി വിറ്റ്സണ്‍ മിഷന്‍ സ്പെഷലിസ്റ്റുകളായ ഉസ്നാന്‍സ്കി വിസ്നിയേവ്സ്കി, ടിബോര്‍ കപു എന്നിവരാണ് ദൗത്യസംഘത്തിലുള്ളത്. പതിനാല് ദിവസത്തെ ദൗത്യത്തിനായി ജൂണ്‍ 26നാണ് ശുഭാംശുവും സംഘാംഗങ്ങളും രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിയത്. ബഹിരാകാശ നിലയത്തിൽ വച്ച് ഏറ്റവും കൂടുതൽ പരീക്ഷണങ്ങൾ നടത്തിയെന്ന നേട്ടത്തോടെയാണ് സംഘം ഭൂമിയിൽ തിരികെ എത്തുന്നത്. 263 കിലോ കാര്‍ഗോയുമായാണ് ദൗത്യസംഘം തിരിച്ചെത്തുന്നത്. ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്ത് ചെലവിട്ട ഇന്ത്യക്കാരനെന്ന റെക്കോർഡും ഇതോടെ ശുഭാംശു ശുക്ലയുടെ പേരിലായി. നാളെ വൈകീട്ട് മൂന്നിന് കലിഫോര്‍ണിയ തീരത്തിനടുത്ത് പസഫിക് സമുദ്രത്തിലാണ് സ്പ്ളാഷ് ഡൗണ്‍ നടക്കുക. തുടര്‍ന്ന് സ്പേസ് എക്സ് കപ്പലിലേറ്റി യാത്രികരെ തീരത്തേക്ക് കൊണ്ടുപോകും. നാളെ ഭൂമിയിലെത്തുന്ന സംഘം ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടുന്നതിനായി ഏഴ് ദിവസം റീഹാബിലിറ്റേഷന് വിധേയരാകും