അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിന്റെ ഇന്ധന സ്വിച്ച് രണ്ട് തവണ മാറ്റിയിരുന്നു എന്ന് റിപ്പോർട്ട്. ബോയിങ് കമ്പനിയുടെ മാനദണ്ഡങ്ങൾ പാലിച്ചാണ് സ്വിച്ച് മാറ്റിയതെന്ന് എയർ ഇന്ത്യയും ഇത് സുരക്ഷിതമായിരുന്നു എന്ന് ബോയിങ് കമ്പനിയും പറയുന്നു. ഇതിനിടെ വിമാനാപകട അന്വേഷണത്തിനും റിപ്പോർട്ടിനും എതിരായ പരാതി പൈലറ്റ്സ് അസോസിയേഷൻ DGCA അറിയിച്ചു.
അഹമ്മദാബാദ് വിമാനാപകടം പൈലറ്റുമാരുടെ പിഴവുമൂലമാണെന്ന് സൂചിപ്പിക്കുന്ന എയർക്രാഫ്റ്റ് ആക്സിഡൻറ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ പ്രാഥമിക റിപ്പോർട്ടിൽ വാദപ്രതിവാദങ്ങൾ തുടരുമ്പോഴാണ് പുതിയ വെളിപ്പെടുത്തൽ . വിമാനത്തിന്റെ ഇന്ധന സ്വിച്ചുകൾ രണ്ടുതവണ എയർ ഇന്ത്യ മാറ്റിയിരുന്നു. 2019ലും 2023 ലുമാണ് ത്രോട്ടില്‍ കണ്‍ട്രോള്‍ മൊഡ്യൂള്‍ മാറ്റിവച്ചത്. ബോയിങ് കമ്പനിയുടെ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു മാറ്റിവക്കലെന്ന് എയർ ഇന്ത്യ പറയുന്നു. ഓരോ 24000 മണിക്കൂര്‍ പറക്കലിന് ശേഷവും ഈ യൂണിറ്റ് മാറ്റേണ്ടതാണെന്ന് ഡോക്യുമെന്റില്‍ ഉണ്ട്. ഇത് സുരക്ഷിതമായിരുന്നു എന്നാണ് ബോയിങ്ങും പറയുന്നത്. എൻജിനുകളിലേക്ക് ഇന്ധനം നൽകുന്ന സ്വിച്ചുകൾ ഓഫായതാണ് അപകടകാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. വിമാനത്തിന് സാങ്കേതിക തകരാറില്ലെന്നും എല്ലാ അറ്റകുറ്റപണികഴും പൂര്‍ത്തിയാക്കിയാണ് വിമാനം സര്‍വീസ് നടത്തിയിരുന്നത് എന്നും എയര്‍ ഇന്ത്യ സിഇഒ കാംബെല്‍ വില്‍സണ്‍ പറഞ്ഞു. സമഗ്രവും സുതാര്യവുമായ അന്വേഷണം നടക്കണം. അന്വേഷണം പൂര്‍ത്തിയാകും മുന്‍പ് നിഗമനത്തില്‍ എത്തിചേരരുത് എന്നും എയര്‍ ഇന്ത്യ സിഇഒ പ്രതികരിച്ചു. അതേ സമയം എന്തുകൊണ്ട് സ്വിച്ച് ഓഫ് ആയി എന്നതിൽ അന്വേഷണം നടത്താതെ ബോയിങ് കമ്പനിയെ സംരക്ഷിക്കാൻ പൈലറ്റുമാരുടെ തലയിൽ കുറ്റം ചുമത്തുന്നു എന്നാണ് പൈലറ്റ്സ് അസോസിയേഷന്‍റെ പരാതി. ഇക്കാര്യം അസോസിയേഷന്‍ പ്രതിനിധികള്‍ DGCAയെ അറിയിച്ചു.