അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച മലയാളി നഴ്സ് പത്തനംതിട്ട സ്വദേശി രഞ്ജിത ജി. നായരെ അപമാനിച്ചതിന് സസ്പെൻഷനിലായിരുന്ന ഡപ്യൂട്ടി തഹസിൽദാർ അന്തരിച്ചു. വെള്ളരിക്കുണ്ട് ഡപ്യൂട്ടി തഹസില്‍ദാര്‍ ആയിരുന്ന, മാവുങ്കാൽ സ്വദേശിയായ, പടന്നക്കാട് തീർഥങ്കര എന്‍കെബിഎം ഹൗസിങ് കോളനിയിലെ എ. പവിത്രന്‍ (56) ആണ് അന്തരിച്ചത്.
പവിത്രന്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം സംഭവിച്ചത്. ഇന്നലെ രാവിലെയാണ് മരണത്തിനു കീഴടങ്ങിയത്. അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച രഞ്ജിത ജി. നായരെ ജാതീയമായി അധിക്ഷേപിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടതിനു വെള്ളരിക്കുണ്ടില്‍ ഡപ്യൂട്ടി തഹസില്‍ദാറായിരിക്കെ പവിത്രനെ താലൂക്ക് ഓഫിസില്‍ വച്ച് പൊലീസ് അറസ്റ്റുചെയ്തിരുന്നു.
അറസ്റ്റിന് പിന്നാലെ പവിത്രനെ റവന്യൂ മന്ത്രി കെ. രാജന്‍ സര്‍വീസില്‍ നിന്നും സസ്പെൻഡ് ചെയ്തു. കേസന്വേഷണം തുടരുന്നതിനിടെയാണ് അസുഖ ബാധിതനായി മരണമടഞ്ഞത്. ധന്യയാണ് ഭാര്യ. മക്കള്‍: നന്ദകിഷോര്‍, റിഷിക.