karnataka-neena

TOPICS COVERED

രണ്ട് പെണ്‍കുഞ്ഞുങ്ങളുമായി ഒരു വിദേശയുവതിയെ വിഷപാമ്പുകളുള്ള കൊടുംകാട്ടില്‍ കണ്ടെത്തി. കര്‍ണാടകയിലെ ഗോകർണയിൽ രാമതീർഥ കുന്നിൻ മുകളിലുള്ള ഗുഹയിലാണ് അപകടകരമായ സാഹചര്യത്തില്‍ റഷ്യൻ യുവതിയും രണ്ടു പെൺമക്കളും താമസിക്കുന്നതായി കണ്ടെത്തിയത്. 

പട്രോളിങ്ങിനിറങ്ങിയ ഗോകർണ പൊലീസ് മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലയിൽ സ്ഥിതി ചെയ്യുന്ന ഗുഹയ്ക്ക് സമീപം സാരിയും വസ്ത്രങ്ങളും കണ്ടു. ജൂലൈ 9 ന് വൈകിട്ട് 5 മണിയോടെ, ഗോകർണ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ശ്രീധറും സംഘവും വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാൻ രാമതീർഥ കുന്നിൻ പ്രദേശത്ത് പട്രോളിങ് നടത്തുന്നതിനിടെയാണ് പ്രദേശത്ത് മനുഷ്യസാന്നിധ്യം കണ്ടത്. പിന്നാലെ നടത്തിയ പരിശോധനയിലാണ് റഷ്യൻ വംശജയായ നീന കുട്ടിന (40), അവരുടെ രണ്ടു പെൺമക്കൾ പ്രേമ (6), അമ (4) എന്നിവരെ ഗുഹയ്ക്കുള്ളിൽ താമസിക്കുന്നതായി കണ്ടെത്തിയത്.

ഹിന്ദു ആശയങ്ങളിലും ഇന്ത്യന്‍ ആത്മീയതയിലും താല്‍പര്യം തോന്നിയ നീന രണ്ട് പെണ്‍മക്കളുമൊത്ത് ഗോകര്‍ണത്തിലെ വനമേഖലയിലേക്ക് മാറുകയായിരുന്നു. ഗോവയിൽനിന്ന് ഗോകർണയിലേക്ക് ആത്മീയ ഏകാന്തത തേടിയാണ് താൻ യാത്ര ചെയ്തതെന്ന് നീന പൊലീസിനോട് പറഞ്ഞു. ധ്യാനത്തിലും പ്രാർഥനയിലും ഏർപ്പെടാനാണ് താൻ ഗുഹയിൽ താമസിച്ചതെന്നും നീന പറഞ്ഞു. ഗുഹക്കുള്ളില്‍ രുദ്ര വിഗ്രഹം സ്ഥാപിച്ച് നീന പൂജ ചെയ്യാറുണ്ടായിരുന്നു. ഗുഹ സ്ഥിതി ചെയ്യുന്ന രാമതീർഥ കുന്നിൽ കഴിഞ്ഞ ജൂലൈയിൽ വലിയ മണ്ണിടിച്ചിൽ സംഭവിച്ചിരുന്നു. 

നീനയെ അപകടങ്ങളെക്കുറിച്ച് അറിയിച്ച ശേഷം, പൊലീസ് സംഘം കുടുംബത്തെ വിജയകരമായി രക്ഷപ്പെടുത്തി കുന്നിന്റെ താഴെയിറക്കി. യുവതിയുടെ അഭ്യർഥനപ്രകാരം, കുംത താലൂക്കിലെ ബങ്കികോഡ്‌ല ഗ്രാമത്തിൽ 80 വയസുള്ള വനിതാ സന്യാസിയായ സ്വാമി യോഗരത്‌ന സരസ്വതി നടത്തുന്ന ആശ്രമത്തിലേക്കാണ് ഇവരെ മാറ്റിയത്. ഗോകർണ പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ സംയുക്ത പരിശോധനയിൽ ഗുഹയില്‍ നിന്നും പാസ്‌പോർട്ടും വീസ രേഖകളും കണ്ടെടുത്തു. 

2017 ഏപ്രിൽ 17 വരെ സാധുതയുള്ള ബിസിനസ് വീസയിലാണ് നീന ആദ്യം ഇന്ത്യയിൽ പ്രവേശിച്ചതെന്ന് പരിശോധനയിൽ കണ്ടെത്തി. 2018 സെപ്റ്റംബർ 8 ന് വീണ്ടും ഇന്ത്യയിൽ പ്രവേശിച്ചതായും രേഖകളിൽ‌ കാണിക്കുന്നു. അനുവദനീയമായ കാലാവധി കഴിഞ്ഞാണ് നീന രാജ്യത്ത് തുടര്‍ന്നത്. ഈ പ്രദേശത്ത് താമസിച്ച സമയത്ത് ഭക്ഷണവും വെള്ളവും എങ്ങനെ ലഭിച്ചു എന്നതിനെ പറ്റി പൊലീസ് അന്വേഷിക്കുന്നുണ്ട്. ഒരു വനിതയും രണ്ട് പെണ്‍മക്കളും വനമേഖലിയില്‍ കണ്ടെത്തിയത് വളരെ അത്ഭുതകരമാണെന്നും ഭാഗ്യവശാല്‍ അവര്‍ നല്ല ആരോഗ്യത്തോടെയാണിരിക്കുന്നതെന്നും ഇന്‍സ്പെക്ടര്‍ ശ്രീധര്‍ പിടിഐയോട് പറ‍ഞ്ഞു. 

നീനയേയും രണ്ടു കുട്ടികളെയും റഷ്യയിലേക്ക് തിരികെ നാടുകടത്തുന്നതിന് സൗകര്യമൊരുക്കുന്നതിനായി ഉത്തര കന്നഡ പൊലീസ് സൂപ്രണ്ട് ബെംഗളൂരുവിലെ ഫോറിനേഴ്‌സ് റീജിയണൽ റജിസ്ട്രേഷൻ ഓഫിസുമായി ഔദ്യോഗിക കത്തിടപാടുകൾ ആരംഭിച്ചു. തുടർ നടപടികൾക്കായി കുടുംബത്തെ ഉടൻ ബെംഗളൂരുവിലെത്തിക്കും.

ENGLISH SUMMARY:

A foreign woman with two young daughters was found living amid venomous snakes in a dense forest in Karnataka’s Gokarna. The Russian woman and her two daughters were discovered residing in a cave atop Ramteerth hill under hazardous conditions. During patrolling, Gokarna Police noticed sarees and clothes near the cave, located in a landslide-prone area.