ക്യാപ്റ്റന്‍ സുമീത് സബര്‍വാളും, ക്ലൈവ് കുന്ദറും (Image: X)
270ലേറെപ്പേരുടെ ജീവന്‍ നഷ്ടമായ അഹമ്മദാബാദ് വിമാനാപകടത്തില്‍ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ദുരൂഹതയേറുന്നു. വിമാനാപകടം അട്ടിമറിയെന്ന വാദങ്ങള്‍ക്ക് ബലം പകരുന്നതാണ് പുറത്തുവരുന്ന വിവരങ്ങള്‍. പൈലറ്റുമാരിലൊരാള്‍ വിമാനത്തിന്‍റെ ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫാക്കിയതാണ് അപകടത്തിന് വഴിവച്ചതെന്ന് റിപ്പോര്‍ട്ട് പറയുന്നു.
'എന്തിനാണ് സ്വിച്ച് ഓഫാക്കിയതെ'ന്ന് ചോദിക്കുമ്പോള്‍ 'ഞാനങ്ങനെ ചെയ്തിട്ടില്ലെ'ന്നായിരുന്നു ഒപ്പമുണ്ടായിരുന്ന പൈലറ്റിന്‍റെ മറുപടി. വിമാനം ടേക്കോഫ് ചെയ്ത് മൂന്ന് സെക്കന്‍റാകുമ്പോഴാണിത് സംഭവിച്ചത്. ഇന്ധനം നിലച്ചതോടെ വിമാനം സ്വയം ഓഫാകാന്‍ തുടങ്ങി. കറക്കത്തിന്‍റെ വേഗം കുറഞ്ഞതോടെ മുകളിലേക്കുയരാനുള്ള തള്ളലും കുറഞ്ഞു. ഇന്ധന നിയന്ത്രണ സ്വിച്ച് റണില്‍ നിന്ന് കട്ടോഫിലേക്ക് മാറി പത്ത് സെക്കന്‍റിന് ശേഷം ഒന്നാമത്തെ ഇന്ധന നിയന്ത്രണ സ്വിച്ച് വീണ്ടും റണിലേക്ക് മാറിയെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. പിന്നാലെ നാലു സെക്കന്‍റിന് ശേഷം രണ്ടാമത്തെ എന്‍ജിനിലേക്കുള്ള ഇന്ധന പ്രവാഹവും വീണ്ടെടുത്തു. എന്നാല്‍ അപ്പോഴേക്കും വൈകിപ്പോയിരുന്നു. തുടര്‍ന്ന് പൈലറ്റ് മേയ്ഡേ സന്ദേശം എടിസിക്ക് കൈമാറിയെന്നും എന്നാല്‍ ഏത് വിമാനമെന്ന ചോദ്യത്തിന് മറുപടി ലഭിക്കുന്നതിന് മുന്‍പ് ദുരന്തം സംഭവിച്ചിരുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. Also Read: വിമാനദുരന്തത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട്
വിമാനം ടേക്ക് ഓഫ് ചെയ്യുന്ന സമയത്ത് സഹപൈലറ്റാണ് വിമാനം നിയന്ത്രിച്ചിരുന്നത്. ക്യാപ്റ്റന്‍ സുമീത് സബര്‍വാളും ക്ലൈവ് കുന്ദറുമാണ് വിമാനത്തിന്‍റെ കോക്പിറ്റിനുള്ളിലുണ്ടായിരുന്നത്. 56കാരനായ സുമീത് സബര്‍വാള്‍ 15,600 ലേറെ മണിക്കൂറുകള്‍ വിമാനം പറത്തിയ അനുഭവസമ്പത്തുള്ളയാളാണ്. ഇതില്‍ തന്നെ 8600 മണിക്കൂറുകള്‍ ബോയിങ് 787 വിമാനം അദ്ദേഹത്തം പറത്തിയിട്ടുണ്ട്. ഫസ്റ്റ് ഓഫിസറായിരുന്ന ക്ലൈവ് കുന്ദറാവട്ടെ 3400 മണിക്കൂറുകളിലേറെ വിമാനം പറത്തിയ പൈലറ്റുമാണ്. Read More: പൈലറ്റിന്റെ ചോദ്യം, ശക്തി കിട്ടാതെ വിമാനം; അതിദുരൂഹം
'വിമാനം റണില്‍ നിന്നും കട്ടോഫിലേക്ക് മാറിയത് 1:38:42 എന്ന സമയത്താണ്. ഒന്നിന് പിന്നാലെ ഒന്നായി രണ്ട് സ്വിച്ചും റണില്‍ നിന്നും കട്ടോഫിലേക്ക് മാറി' എന്ന് റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. ജൂണ്‍ 12ന് അഹമ്മദാബാദില്‍ നിന്നും ലണ്ടനിലെ ഗാട്വികിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം പൂര്‍ണമായും ഇന്ധനം നിറച്ച നിലയിലായിരുന്നു. യാത്രക്കാരും ജീവനക്കാരുമുള്‍പ്പടെ 242 പേരാണ ്വിമാനത്തിനുള്ളില്‍ ഉണ്ടായിരുന്നത്. ഇതില്‍ ബ്രിട്ടിഷ് പൗരനായ വിശ്വാസ് കുമാറൊഴികെ എല്ലാവരും ദുരന്തത്തില്‍ കൊല്ലപ്പെട്ടു. വിമാനത്താവളത്തിനടുത്തുള്ള ബി.ജെ.മെഡിക്കല്‍കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിലേക്കാണ് വിമാനം ഇടിച്ചിറങ്ങി കത്തിയത്. ഹോസ്റ്റിലലും പ്രദേശത്തുമായുണ്ടായിരുന്നവരാണ് കൊല്ലപ്പെട്ട മറ്റുള്ളവര്‍.