Emergency crews work as smoke rises from the wreckage of a Boeing 787 Dreamliner where the Air India plane crashed in Ahmedabad, India, June 12, 2025. REUTERS/Amit Dave TPX IMAGES OF THE DAY
അഹമ്മദാബാദ് വിമാനാപകടത്തില്‍ എഎഐബിയുടെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് തള്ളി പൈലറ്റ് അസോസിയേഷന്‍. പിഴവുകള്‍ പൈലറ്റിന്‍റെ തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമമാണ് റിപ്പോര്‍ട്ടിലുള്ളത്. അന്വേഷണത്തിലെ രഹസ്യ സ്വഭാവം ആശ്ചര്യപ്പെടുത്തുന്നുവെന്നും വിവരശേഖരണത്തിന് യോഗ്യരായവരെ നിയോഗിച്ചില്ലെന്നും അസോസിയേഷന്‍ ആരോപിച്ചു. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെ ശക്തമായി അപലപിക്കുന്നുവെന്നും അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.
അതേസമയം, വിമാനാപകടത്തിന്‍റെ അന്തിമ റിപ്പോര്‍ട്ട് വരുംവരെ നിഗമനങ്ങളില്‍ എത്തിച്ചേരരുതെന്ന് വ്യോമയാന സഹമന്ത്രി മുരളീധർ മോഹോൾ അഭ്യര്‍ഥിച്ചു. പ്രാഥമിക റിപ്പോര്‍ട്ടാണ് നിലവില്‍ പുറത്തുവന്നിട്ടുള്ളത്. എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ സ്വയംഭരണ സ്ഥാപനമാണെന്നും മന്ത്രാലയം അവരുടെ പ്രവർത്തനങ്ങളിൽ ഇടപെടുന്നില്ല എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തുടരന്വേഷണവുമായി സഹകരിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ബോയിങ് പ്രതികരിച്ചത്.
പൈലറ്റിന്‍റെ പിഴവാണ് 260 പേരുടെ ജീവനെടുത്ത ദുരന്തത്തിന് കാരണമെന്ന സൂചനകളാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. എൻജിനിലേക്ക് ഇന്ധനം നൽകുന്ന സ്വിച്ചുകൾ ഓഫ് ചെയ്തതാണ് അപകടകാരണമെന്ന് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ. ഇതെക്കുറിച്ച് പൈലറ്റുമാര്‍ തമ്മിലുള്ള സംഭാഷണവും വോയ്സ് റെക്കോര്‍ഡറില്‍ നിന്ന് വീണ്ടെടുത്തു.