മുംബൈ നഗരത്തെ നടുക്കിയ ലോക്കൽ ട്രെയിന്‍ സ്‌ഫോടന പരമ്പരനടന്നിട്ട് ഇന്ന് 19 വർഷം. 2006 ജൂലൈ 11നാണ് മുംബൈയിലെ ഏഴ് ലോക്കൽ ട്രെയിനുകളിൽ 11 മിനിറ്റിന്‍റെ ഇടവേളകളിൽ സ്ഫോടന പരമ്പരയുണ്ടായത്. സംഭവത്തിൽ 6 മലയാളികൾ ഉൾപ്പെടെ 209 യാത്രക്കാർ കൊല്ലപ്പെടുകയും 824 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
19 വർഷങ്ങൾക്ക് മുൻപ്, ഇതേ ദിവസമാണ് രാജ്യത്തിന്‍റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ നഗരത്തെ നടുക്കിയ സ്‌ഫോടന പരമ്പര നടന്നത്. 11 മിനിറ്റിനുള്ളിൽ 209 പേരുടെ മരണത്തിനിടയാക്കി ലോക്കൽ ട്രെയിനുകളിലുണ്ടായ സ്‌ഫോടന പരമ്പരയിൽ മഹാനഗരം നടുങ്ങിവിറച്ചു. ലക്ഷക്കണക്കിന് ആളുകൾ ഓരോ ദിവസവും യാത്രചെയ്യുന്ന ലോക്കൽ ട്രെയിനുകളിൽ ഏറ്റവും തിരക്കേറുന്ന സമയമായ വൈകിട്ട് ആറിനു ശേഷമായിരുന്നു സ്ഫോടനങ്ങൾ.
വൈകിട്ട് 6.24ന് ഖാർ റെയിൽവേ സ്റ്റേഷനിലായിരുന്നു ആദ്യ സ്‌ഫോടനം. തൊട്ടു പിന്നാലെ ബാന്ദ്രയിലും 6.25നു ജോഗേശ്വരിയിലും 6.26നു മാഹിമിലും 6.29നു മിരാ റോഡിലും 6.30നു മാട്ടുംഗയിലും 6.35നു ബോറിവ്‌ലിയിലും സ്‌ഫോടനമുണ്ടത്.
ജയകുമാർ ആർ. നായർ, എസ്. കൃഷ്‌ണയ്യർ എ.ടി. വിനോദ്, ടി. മോഹനൻ , രാമൻകുട്ടി എന്നിവരാണ് കൊല്ലപ്പെട്ട മലയാളികള്‍. കേസുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് ഇന്ത്യൻ മുജാഹിദീൻ ഭീകര സംഘടനയിലെ 13 പേരെ ആറസ്റ്റ് ചെയ്തു
എട്ട് വർഷത്തെ വിചാരണയ്ക്ക് ശേഷം പ്രത്യേക കോടതി 2015 ഒക്ടോബറിൽ അഞ്ച് പ്രതികൾക്ക‌് വധശിക്ഷയും മറ്റ് ഏഴ് പേർക്ക് ജീവപര്യന്തവും വിധിച്ചു.