Image Credit: X/THEEURASIATIMES
ഓപ്പറേഷന്‍ സിന്ദൂരില്‍ പാക്കിസ്ഥാന്‍ ഇന്ത്യന്‍ ആക്രമണങ്ങളുടെ യഥാര്‍ഥ കരുത്തറിഞ്ഞത് ബ്രഹ്മോസ് മിസൈലുകളിലൂടെയാണ്. ശക്തിയും വേഗതയും ഒന്നിച്ച ബ്രഹ്മോസ് മിസൈലുകള്‍ക്കൊപ്പം ഇന്ത്യന്‍ വ്യോമസേന ഇസ്രയേലിന്‍റെ ക്വാസി ബാലിസ്റ്റിക് സൂപ്പര്‍ സോണിക് മിസൈലായ ലോറ സ്വന്തമാക്കാന്‍ ഒരുങ്ങുന്നതായാണ് വിവരം. കറാച്ചി മുതല്‍ ചൈനയിലെ സിൻജിയാങ് വരെ അതിര്‍ത്തി കടക്കാതെ ലക്ഷ്യമിടാന്‍ സാധിക്കുന്ന ഇവ ഇസ്രയേല്‍ എയറോസ്പേസ് ഇന്‍ഡസ്ട്രീസാണ് നിര്‍മിക്കുന്നത്.
2026-27 ഓടെ ലോറയുടെ ആദ്യ സ്ക്വാഡ്രണുകൾ സ്വന്തമാമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. ഏകദേശം 400-430 കിലോമീറ്റർ ദൂരത്തിലുള്ള ലക്ഷ്യങ്ങളിലേക്ക് പറന്ന് ആക്രമണം നടത്താന്‍ സാധിക്കുന്നവയാണിവ. മണിക്കൂറില്‍ 6,174 കിലോമീറ്റര്‍ വേഗതയിലാണ് ലോറുയുടെ സഞ്ചാരം. ഈ വേഗതയില്‍ കുതിക്കുമ്പോഴും ലക്ഷ്യം മാറ്റാൻ സാധിക്കും എന്നതാണ് ലോറയുടെ പ്രധാന സവിശേഷത.
ലോറ ഇന്ത്യന്‍ സേനയുടെ ഭാഗമാകുന്നതോടെ 'ഫയർ ആൻഡ് ഫോർഗെറ്റ്' സംവിധാനം വഴി മിസൈൽ വിക്ഷേപിച്ചുകഴിഞ്ഞാൽ പൈലറ്റിന് സുരക്ഷിതമായി സ്വന്തം താവളത്തിലേക്ക് മടങ്ങാനാകും. പിന്നീട് യാതൊരു മാർഗ്ഗനിർദ്ദേശവും നൽകാതെ തന്നെ ലക്ഷ്യം കണ്ടെത്താന്‍ ഇവയ്ക്കാകും. ഭാരം കുറഞ്ഞതും വില കുറഞ്ഞതുമായ ലോറ ഏളുപ്പത്തില്‍ കൂടുതൽ യുദ്ധവിമാനങ്ങളിൽ വിന്യസിക്കാൻ സാധിക്കും.
290-450 കിലോമീറ്റര്‍ പരിധിയുള്ള ബ്രഹ്മോസ് മണിക്കൂറില്‍ 3457.44 കിലോമീറ്റര്‍ വേഗതയിലാണ് സഞ്ചാരം. കടുപ്പമേറിയ ലക്ഷ്യങ്ങളെ തകർക്കാൻ കഴിയുന്ന ബ്രഹ്മോസ് മിസൈലുകൾ താഴ്ന്നുപറക്കുന്നവയാണ്. അതിവേഗത്തില്‍ സഞ്ചരിക്കുന്ന ഭാരമേറിയ സൂപ്പർസോണിക് ക്രൂയിസ് മിസൈലാണിവിലയും കൂടുതലാണ്. അതിർത്തിക്കടുത്തുള്ള ലക്ഷ്യങ്ങളെ റെക്കോർഡ് സമയത്തിനുള്ളിൽ നിർവീര്യമാക്കാൻ ബ്രഹ്മോസിന് കഴിയുമെങ്കിലും, അതിർത്തി കടക്കാതെ തന്നെ പാക്ക് അധിനിവേശ കശ്മീര്‍ മുതൽ ടിബറ്റ് വരെയും കറാച്ചി മുതൽ സിൻജിയാങ് വരെയും എത്താന്‍ ലോറയ്ക്ക് ശേഷിയുണ്ട്. സുഖോയ് എസ്‍യു-30എംകെഐ യുദ്ധവിമാനങ്ങളില്‍ ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾക്കൊപ്പം ഇസ്രായേലിന്‍റെ ലോറ മിസൈലും ഉപയോഗിക്കാനാണ് പദ്ധതി
2023 ല്‍ ഇസ്രയേല്‍ എയറോസ്പേസ് ഇന്‍ഡസ്ട്രീസും ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റയും നൂതന മിസൈൽ സംവിധാനങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പിട്ടിരുന്നു. മേയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് കീഴില്‍ ലോറ മിസൈല്‍ നിര്‍മാണത്തിന് ലൈസൻസ് ലഭിക്കുകയാണെങ്കില്‍ ഇത് ഇന്ത്യയ്ക്ക് നേട്ടമാകും. മിസൈലിന് 1-5 മില്യണ്‍ ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്.