ലവൽ ക്രോസ് ഗേറ്റ് അടച്ചിരുന്നതായും സ്കൂൾ ബസ് ഡ്രൈവർ നിർബന്ധിച്ചാണു തുറന്നതെന്നുമുള്ള റെയിൽവേയുടെ വാദം പൊളിച്ച് കടലൂര്‍ അപകടത്തില്‍ പൊലീസിന്റെ കണ്ടെത്തല്‍. അപകടം ഗേറ്റ് കീപ്പറുടെ തികഞ്ഞ അനാസ്ഥ മൂലമെന്നാണ് റിപ്പോര്‍ട്ട്. ട്രെയിന്‍ വരുന്നത് അറിയിക്കാനായി തൊട്ടടുത്ത സ്റ്റേഷനിലെ സ്റ്റേഷന്‍ മാസ്റ്റര്‍ ഗേറ്റ് കീപ്പര്‍ പങ്കജ് ശര്‍മയെ വിളിച്ചെങ്കിലും ഫോണെടുത്തില്ല. നിര്‍ണായകമായ ആ സമയത്ത് അയാള്‍ ഉറങ്ങുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. എന്നാല്‍ ഗേറ്റ് കീപ്പറിൽനിന്നു പ്രതികരണം ലഭിക്കാതെ ട്രെയിൻ എങ്ങനെ ലവൽ ക്രോസ് കടന്നെന്ന ചോദ്യവും ഉയരുന്നുണ്ട്.
ട്രെയിന്‍ ഇടിച്ചതിനെത്തുടര്‍ന്ന് അന്‍പത് മീറ്റര്‍ ദൂരത്തിലേക്ക് സ്കൂള്‍ വാന്‍ തെറിച്ചുവീണു മറിഞ്ഞു. നാലു കുട്ടികളും ഡ്രൈവറുമാണ് വാനില്‍ ഉണ്ടായിരുന്നത്. വാനിന്റെ മേല്‍ഭാഗം പല കഷ്ണങ്ങളായി ചിതറിത്തെറിച്ചു. സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്ന് കുട്ടികളാണ് അപകടത്തില്‍ മരിച്ചത്. ഡ്രൈവറും ഒരു കുട്ടിയും ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണ്.
അപകടത്തെത്തുടര്‍ന്ന് അറസ്റ്റിലായ ഗേറ്റ് കീപ്പര്‍ പങ്കജ് ശർമയെ 22 വരെ റിമാൻഡ് ചെയ്തു. പകരം കാവൽക്കാരനായി തമിഴ്നാട് സ്വദേശിയെ നിയോഗിച്ചു. കേസിന്റെ ആദ്യഘട്ട അന്വേഷണത്തിന്റെ ഭാഗമായി 13 പേരെ ചോദ്യം ചെയ്യാൻ വിളിപ്പിക്കാൻ പൊലീസ് തീരുമാനിച്ചു. അപകടത്തെക്കുറിച്ച് അന്വേഷിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ റെയിൽവേയും മൂന്നംഗ സംഘത്തെ നിയോഗിച്ചു. ചൊവ്വാഴ്ച രാവിലെ എട്ടോടെയാണു ചിദംബരത്തിനടുത്തു ചെമ്മൻകുപ്പത്തു ലവൽ ക്രോസ് കടക്കുകയായിരുന്ന സ്കൂൾ ബസിലേക്കു ട്രെയിൻ ഇടിച്ചു കയറി അപകടമുണ്ടായത്.