പ്രതീകാത്മക ചിത്രം
ഭര്‍ത്താവിനു ജോലി വാഗ്ദാനം ചെയ്ത് 20കാരിയെ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റില്‍. പഹര്‍ഗഞ്ചിലെ രണ്ടു ഹോട്ടലുകളിലായാണ് പീഡനം നടന്നത്. വാരാണസി സ്വദേശിയായ യുവതി നല്‍കിയ പരാതിയില്‍ പ്രതി സര്‍ഫ്രാസ് അഹമ്മദിനെ(37) പൊലീസ് അറസ്റ്റ് ചെയ്തു.
യുവതിയുെട ഭര്‍ത്താവ് നേരത്തേ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ ഉടമയാണ് സര്‍ഫ്രാസ് അഹമ്മദ്. ഒളിവിലായിരുന്ന ഇയാളെ ഉത്തരാഖണ്ഡിലെ രുദ്രാപൂരില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. പകല്‍നേരങ്ങളില്‍ ഹോട്ടല്‍ മുറിയില്‍ പൂട്ടിയിടുകയും വൈകുന്നേരം തിരിച്ചെത്തി ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയുമായിരുന്നെന്നാണ് യുവതി പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നത്.
സര്‍ഫ്രാസ് അഹമ്മദിന്റെ അഹമ്മദാബാദിലെ സ്ഥാപനത്തിലാണ് യുവതിയുടെ ഭര്‍ത്താവ് നേരത്തേ ജോലി ചെയ്തിരുന്നത്. നാലുവര്‍ഷമായി ഇരുവര്‍ക്കും ഇയാളെ പരിചയമുണ്ട്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ– ജൂണ്‍ 29നാണ് ദമ്പതികള്‍ ജോലി തേടി വാരാണസിയില്‍ നിന്നും അഹമ്മദാബാദിലെത്തിയത്. ഡല്‍ഹിക്ക് വന്നാല്‍ ജോലി ശരിയാക്കി തരാമെന്ന് പ്രതി ദമ്പതികള്‍ക്ക് ഉറപ്പുനല്‍കി. ജൂലൈ രണ്ടിന് പഹര്‍ഗഞ്ചില്‍ ഇവര്‍ക്കായി സര്‍ഫ്രാസ് ഹോട്ടല്‍ ബുക്ക് ചെയ്തു. പിറ്റേദിവസം തന്നെ ആനന്ദ്‌വിഹാറിലെ ഫാക്ടറിയില്‍ ജോലി ശരിയായെന്ന് പറഞ്ഞ് ഭര്‍ത്താവിനെ പറഞ്ഞയച്ചു, അടുത്ത ദിവസം വാരാണസിയില്‍ ജോലി ശരിയാക്കിയെന്ന് പറഞ്ഞ് അങ്ങോട്ടും അയച്ചു.
ഭര്‍ത്താവിനെ മാറ്റിനിര്‍ത്തിയ രണ്ടു ദിവസവും പ്രതി സര്‍ഫ്രാസ് യുവതിയെ ഭക്ഷണത്തില്‍ ലഹരി ചേര്‍ത്ത് അബോധാവസ്ഥയിലാക്കിയ ശേഷമാണ് ലൈംഗികമായി പീഡിപ്പിച്ചത്. പിന്നീട് ഇയാള്‍ യുവതിയെ മറ്റൊരു ഹോട്ടലിലേക്ക് മാറ്റി വീണ്ടും ബലാത്സംഗം ചെയ്തു. ബോധം തിരിച്ചുകിട്ടുന്നതുവരെ തനിക്ക് പീഡനത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്ന് യുവതി പൊലീസിനോട് പറഞ്ഞു. രണ്ടാം ദിനം ബോധം വന്നപ്പോൾ ഹോട്ടൽ മുറിയിലെ ഫോണിൽനിന്നു റിസപ്ഷനിലേക്ക് വിളിച്ച് യുവതി സഹായം ആവശ്യപ്പെടുകയായിരുന്നു. ഹോട്ടൽ ജീവനക്കാർ മുറിക്ക് പുറത്ത് തടിച്ചുകൂടിയിരിക്കുന്നത് കണ്ടപ്പോൾ സർഫ്രാസ് പിന്നിലൂടെ രക്ഷപ്പെടുകയും ഉത്തരാഖണ്ഡിലേക്കുള്ള ബസിൽ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്.