Untitled design - 1

ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) ജാഗ്വാർ യുദ്ധവിമാനം രാജസ്ഥാനിലെ ചുരു ജില്ലയ്ക്ക് സമീപം തകർന്നു വീണു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ ഭനുഡ ഗ്രാമത്തിലാണ് സംഭവം. അപകടസ്ഥലത്ത് നിന്ന് രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തതായാണ് പ്രാഥമിക റിപ്പോർട്ട്.

വാർത്താ ഏജൻസിയായ എഎൻഐ ആണ് അപകട വിവരം റിപ്പോർട്ട് ചെയ്തത്. അപകട കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. അപകടസ്ഥലത്ത് നിന്ന് മനുഷ്യ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി. വിമാനത്തിന്റെ പൈലറ്റ് അപകടത്തിൽ മരണപ്പെട്ടതായുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

പ്രദേശവാസികളായ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റതായും വിവരമുണ്ട്. രക്ഷാപ്രവർത്തനങ്ങൾ പുരോ​ഗമിക്കുകയാണ്. സംഭവത്തിൽ ഐഎഎഫ് ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ല.

രാജസ്ഥാനിലെ സുരത്ത്ഗഡ് വ്യോമസേനാ ബേസിൽ നിന്ന് പുറപ്പെട്ട യുദ്ധ വിമാനമാണ് തകർന്നുവീണത്. ഇന്ത്യയ്ക്ക് 120 ജാഗ്വാർ ഫൈറ്റർ ജെറ്റുകളാണ് ഉള്ളത്. ഈ വർഷത്തെ മൂന്നാമത്തെ ജാഗ്വാർ ഫൈറ്റർ ജെറ്റ് വിമാനാപകടമാണ് ഇന്നുണ്ടായത്.