മധ്യ ഗുജറാത്തിനെ സൗരാഷ്ട്രയുമായി ബന്ധിപ്പിക്കുന്ന പാലം തകര്‍ന്നു. മഹിസാഗര്‍ നദിയിക്ക് കുറുകെയുള്ള ഗംഭീരാ പാലമാണ് രാവിലെ 7.30 ഓടെ തകര്‍ന്നു വീണത്. സ്ലാബുകള്‍ നിലംപൊത്തിയതോടെ വാഹനങ്ങളടക്കം പുഴയിലേക്ക് വീണു. നിലവില്‍ ഒന്‍പതു മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഗുജറാത്തിലെ വഡോദര ജില്ലയിലാണ് അപകടം. വഡോദരയെ ആനന്ദുമായി ബന്ധപ്പിക്കുന്ന പ്രധാന പാതയാണിത്. ഇതോടെ ആനന്ദ്, വഡോദര, ബറൂച്ച്, അങ്കലേശ്വർ എന്നിവിടങ്ങളിലെ വാഹന ഗതാഗതം തടസപ്പെട്ടു. വഡോദരയില്‍ നിന്നും 25 കിലോ മീറ്റര്‍ അകലെയാണ് അപകടം നടന്ന സ്ഥലം.
രാവിലെ 7.30 ഓടെ തിരക്കേറിയ സമയത്ത് പാലത്തിന്‍റെ രണ്ട് പില്ലറുകള്‍ക്കിടയിലെ സ്ലാബ് തകര്‍ന്ന് വീഴുകയായിരുന്നു. അഞ്ച വാഹനങ്ങള്‍ അപകടസമയം പുഴയിലേക്ക് വീണു. രണ്ട് ട്രക്കുകളും രണ്ട് ബൊലേറോ കാറും ഓട്ടോറിക്ഷയുമാണ് അപകടത്തില്‍പ്പെട്ടത്. പത്ത് പേരെയാണ് പുഴയില്‍ നിന്നും രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.സൂയിസൈഡ് പോയിന്‍റ് എന്ന നിലയില്‍ കുപ്രസിദ്ധമായി സ്ഥലമാണ് ഗംഭീര പാലം.
23 തൂണുകള്‍ക്ക് മുകളിലാണ് 900 മീറ്റര്‍ ദൈര്‍ഘ്യമുള്ള പാലം നിര്‍മിച്ചത്. രണ്ടു തൂണുകള്‍ക്കിടയിലെ സ്ലാബുകള്‍ പൂര്‍ണമായും തകര്‍ന്നതും ലോറി തൂങ്ങി കിടക്കുന്നതുമായ ദൃശ്യം അപകടത്തിന്‍റെ ഭീകരത കാണിക്കുന്നുണ്ട്. 40 വര്‍ഷം പഴക്കമുള്ള പാലമാണ് അപകടത്തില്‍പ്പെട്ടത്. പാലത്തിന്‍റെ അറ്റകുറ്റപണി നടത്തിയതാണെന്നും പാലം തകര്‍ന്നു വീഴാനുള്ള കാരണം അന്വേഷിക്കുമെന്നും ആരോഗ്യ മന്ത്രി റുഷികേശ് പട്ടേല്‍ പറഞ്ഞു.
അപകടത്തിൽ മരണപ്പെട്ടവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു. യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് പുതിയ പാലം നിര്‍മിക്കാന്‍ മൂന്ന് മാസം മുന്‍പ് സര്‍ക്കാര്‍ 212 കോടി രൂപ അനുവദിച്ചിരുന്നു. പാലത്തിന്‍റെ രൂപരേഖ തയ്യാറാക്കി ടെണ്ടര്‍ നടപടിയിലേക്ക് കടക്കാനിരിക്കെയാണ് അപകടം.