തമിഴ്നാട് കടലൂരില്‍ തുറന്നിട്ട ലെവല്‍ ക്രോസില്‍ ട്രെയിന്‍ സ്കൂള്‍ ബസിലിടിച്ചു രണ്ടു കുട്ടികള്‍ മരിച്ചു. ആറുപേര്‍ക്കു ഗുരുതരമായി പരുക്കേറ്റു. വിഴിപ്പുറം–മയിലാടുതുറെ എക്സ്പ്രസ് ട്രെയിനാണു സ്വകാര്യ സ്കൂള്‍ ബസിലേക്ക് ഇടിച്ചു കയറിയത്. ഇടിയുടെ ആഘാതത്തില്‍ ബസ് പൂര്‍ണമായി തകര്‍ന്നു.
ട്രെയിനു കടന്നുപോകാനായി അടച്ചിരുന്ന ലെവല്‍ ക്രോസ് ബസ് ഡ്രൈവറുടെ നിര്‍ബന്ധത്തിനു വഴങ്ങി ഗേറ്റ് മാന്‍ പങ്കജ് ശര്‍മ തുറന്നു നല്‍കിയതാണു അപകട കാരണം. ഗുരുതരമായ വീഴ്ച വരുത്തിയ ഗേറ്റ് മാനെ ഉടന്‍ ദക്ഷിണ റയില്‍വേ സസ്പെന്‍ഡ് ചെയ്തു. ഇയാളെ പിരിച്ചുവിടാന്‍ നടപടി തുടങ്ങിയതായും റയില്‍വേ അറിയിച്ചു.
മരിച്ചവരുടെ കുടുംബങ്ങള്‍ക്കു റയില്‍വേയും തമിഴ്നാട് സര്‍ക്കാരും 5 ലക്ഷം രൂപ വീതം നല്‍കും. പരുക്കേറ്റവര്‍ക്കു റയില്‍വേ 2.5 ലക്ഷം രൂപയുടെ ധനസഹായവും പ്രഖ്യാപിച്ചു. സാരമായി പരുക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി പുതുച്ചേരി ജിപ്മെറിലേക്കു മാറ്റുമെന്നും റയില്‍വേ അറിയിച്ചു.