മുംബൈയിൽ അമിത തിരക്ക് പതിവായ മെട്രോ സ്റ്റേഷനുകളിൽ ദുരന്തം പതിയിരിക്കുന്നു. കഴിഞ്ഞദിവസം സാങ്കേതിക തകരാറിനെത്തുടർന്ന് മെട്രോ വൈകിയതോടെ ഘട്കോപ്പർ സ്റ്റേഷൻ യാത്രക്കാരെക്കൊണ്ടു തിങ്ങിനിറഞ്ഞത് ആശങ്ക സൃഷ്ടിച്ചു. നിലവിൽ പ്രതിദിനം 5 ലക്ഷത്തോളം യാത്രക്കാരാണ് ഘട്കോപ്പർ - വേർസോവ പാതയെ ആശ്രയിക്കുന്നത്. സാങ്കേതിക തകരാറിനെ തുടർന്ന് മെട്രോ അല്പം വൈകിയതോടെ ഇതായിരുന്നു അവസ്ഥ. ഉന്തും തള്ളും വാക്കേറ്റവുമെല്ലാമായി. ബഹളത്തിനിടെ സ്ത്രീകളും കുട്ടികളും മുതിർന്നവരുമെല്ലാം ഞെങ്ങിഞെരുങ്ങി.
മെട്രോ സ്റ്റേഷൻ ഇടിഞ്ഞ് വീഴുമെന്നുപോലും ഭയന്നതായി യാത്രക്കാർ പറയുന്നു. പലരും സർക്കാരിന്റെ അനാസ്ഥയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷമായി പ്രതികരിച്ചു. ഒട്ടേറെപ്പേർ മുഖ്യമന്ത്രിയുടെയും റെയിൽവേ മന്ത്രിയുടെയും സമൂഹമാധ്യമ അക്കൗണ്ടുകളിൽ പ്രതിഷേധക്കുറിപ്പുകൾ എഴുതി; ചിത്രങ്ങളും വിഡിയോകളും പങ്കുവച്ചു.
നഗരത്തിലെ ആദ്യത്തെ മെട്രോ ട്രെയിൻ സർവീസായ മെട്രോ വൺ പാതയിലെ പ്രധാന സ്റ്റേഷനാണ് ഘാട്കോപ്പർ.
ലോക്കൽ റെയിൽവേ സ്റ്റേഷനു മുകളിലാണ് മെട്രോ സ്റ്റേഷൻ. മെട്രോ സർവീസ് തടസ്സപ്പെട്ട് മെട്രോ സ്റ്റേഷനിൽ യാത്രക്കാർ നിറഞ്ഞതോടെ താഴ്നിലയിലെ ലോക്കൽ റെയിൽവേ സ്റ്റേഷനിലും തിരക്കായി. സാങ്കേതിക തകരാണ് ട്രെയിൻ വൈകിയതെന്ന് മുംബൈ മെട്രോയുടെ വിശദീകരണം.