പാക്കിസ്ഥാനുമായുണ്ടായ നാല് ദിവസത്തെ സംഘര്‍ഷത്തില്‍ ഇന്ത്യന്‍ വ്യോമസേന ആര്‍ട്ടിഫഷ്യല്‍ ഇന്‍റലിജന്‍സ് സാങ്കേതിക വിദ്യ ഉപയോഗിച്ചതായി റിപ്പോര്‍ട്ട്. എഐ ഉപയോഗിച്ചുള്ള ഡീകോയ് സിസ്റ്റമായ റഫാല്‍ എക്സ് ഡാര്‍ഡായിരുന്നു പാക്കിസ്ഥാൻ വ്യോമാക്രമണങ്ങളെ നിർവീര്യമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചത്. യഥാര്‍ഥ വിമാനങ്ങളെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ഇവ ഉപയോഗിച്ച് ഇന്ത്യ, പാക്കിസ്ഥാന്‍ വ്യോമാക്രമണങ്ങളെ പ്രതിരോധിച്ചതെന്നാണ് ഇന്ത്യന്‍ റിസര്‍ച്ച് ഡിഫന്‍സ് വിങ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
റാഫാൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റംസ് ആണ് എക്സ്-ഗാർഡ് സംവിധാനം വികസിപ്പിച്ചത്. 500-വാട്ട്, 360-ഡിഗ്രി ജാമിംഗ് സിഗ്നൽ ഉണ്ടാക്കാന്‍ ഇത് എഐ ഉപയോഗിക്കുന്നു. 30 കിലോ ഭാരമുള്ള ഈ ഉപകരണം 100 മീറ്റര്‍ നീളമുള്ള ഫൈബര്‍ ഒപ്ടിക്കല്‍ കേബിളില്‍ വിമാനത്തിന് പുറകിലായാണ് ഘടിപ്പിക്കുന്നത്. ഇത് യഥാർഥ റഫാൽ ജെറ്റിന്‍റെ റഡാർ സിഗ്നലുകളും ഡോപ്ലർ ഇഫക്റ്റും പകർത്തി ശത്രു റഡാർ സിസ്റ്റങ്ങൾക്കും മിസൈലുകൾക്കും ആശയകുഴപ്പമുണ്ടാക്കുകയാണ് ചെയ്യുന്നത്.
ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച ഇന്ത്യന്‍ യുദ്ധ വിമാനങ്ങളെ കണ്ടെത്താന്‍ പാക്കിസ്ഥാന്‍റെ ചൈനീസ് നിര്‍മിത പിഎല്‍-15ഇ എയര്‍–ടുഎയര്‍ മിസൈലുകളും ജെ-10സി പോര്‍വിമാനങ്ങള്‍ക്കും സാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. പാക്കിസ്ഥാന്‍റെ റഡാറിനെയും മിസൈൽ സംവിധാനങ്ങളെയും എക്സ്–ഗാര്‍ഡ് തെറ്റിദ്ധരിപ്പിച്ചു. ഇത് പാക്ക് യുദ്ധവിമാനങ്ങളിലെ റഡാറുകളെ റഫാൽ ജെറ്റുകളെ തകര്‍ത്തെന്ന ആശയക്കുഴപ്പത്തില്‍ എത്തിച്ചു എന്നാണ് നിഗമനം.
മേയ് ഏഴിന് ആരംഭിച്ച ഇന്ത്യ–പാക്ക് സംഘര്‍ഷത്തില്‍ ഇന്ത്യയുടെ റഫാല്‍ യുദ്ധ വിമാനങ്ങളെ തകര്‍ത്തു എന്നാണ് പാക്ക് എയര്‍ഫോഴ്സ് അവകാശപ്പെട്ടത്. പാക്കിസ്ഥാന്‍റെ ജെ-10സി യുദ്ധവിമാനങ്ങളില്‍ നിന്നും പ്രയോഗിച്ച പിഎല്‍-15ഇ ലോങ് റേഞ്ച് മിസൈലുകളാണ് റഫാലിനെ തകര്‍ത്തത് എന്നായിരുന്നു അവകാശവാദം. ഇതിനെ ഇന്ത്യയും റഫാല്‍ നിര്‍മാതാക്കളായ ഫ്രഞ്ച് കമ്പനി ദസോ ഏവിയേഷനും തള്ളിയിരുന്നു.
അതേസമയം ഇന്ത്യയ്ക്ക് ഒരു റഫാൽ യുദ്ധവിമാനം നഷ്ടമായെങ്കിലും അത് ഓപ്പറേഷൻ സിന്ദൂറിനിടെ പാക്കിസ്ഥാന്‍ വെടിവെച്ചിട്ടതല്ലെന്നും ദസോ ഏവിയേഷൻ കമ്പനി ചെയർമാനും സിഇഒയുമായ എറിക് ട്രാപിയർ പറഞ്ഞു. സാധാരണയിലും കവിഞ്ഞ ഉയരത്തിൽ പറക്കുകയായിരുന്ന റഫാൽ വിമാനം സാങ്കേതിക തകരാർ മൂലം നഷ്ടപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.